തലയാട് പുല്ലുമലയിൽ കടുവയെ കണ്ടതായി സംശയം; വനം വകുപ്പ് കാമറ സ്ഥാപിച്ചു

ബാലുശ്ശേരി: തലയാട് ചെമ്പുക്കര പുല്ലുമലയിൽ കടുവയെ കണ്ടെന്ന്. തിങ്കളാഴ്ച വൈകീട്ട് വാഴത്തോട്ടത്തിൽ കയറിയ കുരങ്ങുകളെ ഓടിക്കാൻ പറമ്പിലേക്ക് പോയ പെരിഞ്ചല്ലൂർ ജോസിൽ പി. ജോൺ ആണ് തൊട്ടടുത്തുള്ള റബർ തോട്ടത്തിൽവെച്ച് കടുവയെ കണ്ടത്. കട്ടിപ്പാറ പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട മലയോര പ്രദേശമാണ് പുല്ലുമല. തിങ്കളാഴ്ച രാത്രിയോടെ തന്നെ താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്നു ഇന്നലെ ആർ.ആർ.ടി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനക്കെത്തുകയും 12 സെന്റിമീറ്റർ വലുപ്പമുള്ള കാൽ പാടുകൾ കണ്ടെത്തുകയും ചെയ്തു. കല്പാടുകൾ കടുവയുടെതാണെന്ന് സംശയിക്കുന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് കാമറ സ്ഥാപിച്ചിട്ടുണ്ട്. മലബാർ വന്യജീവി സങ്കേതത്തിൽപ്പെട്ട കക്കയം വനത്തിന്റെ അതിർത്തി മേഖല കൂടിയാണിത്. കഴിഞ്ഞ മാസം കക്കയം ഡാമിനടുത്ത വനപ്രദേശത്ത് കടുവയെ കണ്ടതായി ഡാം സെറ്റിലെ ജീവനക്കാർ അറിയിച്ചിരുന്നു. പുല്ലു മലയുടെ താഴെ ജനവാസ കേന്ദ്രമാണ് കാമറകൾ സ്ഥാപിച്ച് കടുവയുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തണമെന്നും, ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയ കടുവയെ കൂടുവെച്ച് പിടിക്കാനുള്ള ശ്രമം നടത്തണമെന്നും ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വനം വകുപ്പ് ഉടനെതന്നെ നിയോഗിച്ച് ആശങ്കയകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.