ഇന്ധനവില കൂടി, മത്സ്യലഭ്യത കുറഞ്ഞു; കടലിൽപോകാതെ ബോട്ടുകൾ

ബേപ്പൂർ: ഡീസൽ വിലയിൽ പിടിച്ചുനിൽക്കാനാവാതെ മത്സ്യബന്ധനം മതിയാക്കി യന്ത്രവത്​കൃത ബോട്ടുകൾ. ഇന്ധനവില തുടരെ വർധിക്കുകയും മത്സ്യലഭ്യത അടിക്കടി കുറയുകയും ചെയ്തതോടെ നിരവധി ബോട്ടുടമകളും തൊഴിലാളികളുമാണ്​ കടക്കെണിയിലായത്​. കടലിൽനിന്നുകിട്ടുന്നത് കടലിൽതന്നെ കത്തിത്തീരുന്ന സ്ഥിതിയായെന്ന്​ ഇവർ പറയുന്നത്​. ഇതോടെ ബോട്ടുകൾ അന്തർസംസ്ഥാനക്കാർക്ക് കിട്ടുന്ന വിലക്ക് വിറ്റൊഴിവാക്കി പലരും ഈ രംഗം ഒഴിയുകയുമാണ്​. ആക്രി വിലക്ക് പൊളിക്കാൻ കൊടുത്ത്, കിട്ടിയ കാശുമായി കളമൊഴിയുന്നവരും ഏറെയാണ്. ബേപ്പൂർ, നീണ്ടകര, മുനമ്പം, പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി തുടങ്ങി സംസ്ഥാനത്തെ ചെറുതും വലുതുമായ ഹാർബറുകൾ കേന്ദ്രീകരിച്ച് നാലായിരത്തോളം യന്ത്രവത്​കൃത ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നുണ്ടെന്നാണ് കണക്ക്. ഡീസലി‍ൻെറ അമിതവില കാരണം ഇവയിൽ പകുതിയിലേറെയും മത്സ്യബന്ധനം താൽക്കാലികമായി നിർത്തി. ഇതോടെ അനുബന്ധ മേഖലകളായ ഐസ് ഫാക്ടറികൾ, സ്പെയർപാർട്സ് കടകൾ, വലപ്പണിക്കാർ, മത്സ്യം കയറ്റി പോകുന്ന വാഹനങ്ങൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയവരുടെ ജീവിതവും പ്രയാസത്തിലാണ്​. ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് തീരക്കടൽ-ആഴക്കടൽ മീൻപിടിത്തത്തിനായി പോയിരുന്ന എണ്ണൂറിലധികം യന്ത്രവത്​കൃത ബോട്ടുകളിൽ, നൂറ്റമ്പതോളം ബോട്ടുകൾ മാത്രമാണ് ഇപ്പോൾ കടലിൽ പോകുന്നത്. മത്സ്യബന്ധനത്തിന് കടലിൽ പോകാൻ ഇടത്തരം ബോട്ടുകൾക്ക് 1,000 ലിറ്ററും വലിയ ബോട്ടുകൾക്ക് 3,000 ലിറ്ററും ഡീസൽ വേണം. ഇതര സംസ്ഥാനങ്ങളിൽ മത്സ്യബന്ധന മേഖലക്ക്​ ഇന്ധന സബ്സിഡി നൽകുന്ന പോലെ കേരളത്തിലും സബ്സിഡി അനുവദിക്കുക, മീൻപിടിത്ത യാനങ്ങളുടെ ഇന്ധനത്തിന് സർക്കാർ ചുമത്തുന്ന 'റോഡ് സെസ്​' ഒഴിവാക്കുക, തീരദേശ മേഖലക്ക്​ പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ തീരദേശ ഹർത്താൽ അടക്കമുള്ള സമരപരിപാടികൾ ആരംഭിക്കാൻ സംസ്ഥാനത്തെ മത്സ്യമേഖല സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചതായി ഓൾ കേരള ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ്​ കരിച്ചാലി പ്രേമൻ പറഞ്ഞു. -സലീം പാടത്ത്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.