അളക്കുന്ന പാലിന്റെ ബില്ല് ദിനേന നൽകണം; സൊസൈറ്റിക്കു മുന്നിൽ പശുക്കളുമായി ക്ഷീര കർഷകന്റെ സമരം

കുറ്റ്യാടി: ദേവർകോവിൽ പാൽ സൊസൈറ്റിക്കു മുന്നിൽ പശുക്കളുമായി ക്ഷീരകർഷകന്റെ സമരം. അളക്കുന്ന പാലിന്റെ ബില്ല് ദിനേന നൽകണമെന്നാവശ്യപ്പെട്ട്​ കണിയാന്റെപറമ്പത്ത്​ യു.ടി. നാസറാണ്​ രണ്ട്​ പശുക്കളെയും കൂട്ടി വന്ന്​ ശനിയാഴ്ച പൂക്കാട്​ ക്ഷീരോൽപാദക സഹകരണ സംഘത്തിനു മുന്നിൽ നിൽപുസമരം നടത്തിയത്​. പശുക്കളെ അങ്ങാടി നടുവിലെ സൊസൈറ്റിക്കു മുന്നിൽ കെട്ടിയ ശേഷം തന്റെ ആവശ്യങ്ങളടങ്ങി പ്ലക്കാർഡുമേന്തി സമരം നടത്തുകയായിരുന്നു. കർഷരോടുള്ള അവഗണന സംഘം അവസാനിപ്പിക്കുക, ബില്ല്​ വർഷത്തോളം വൈകിപ്പിക്കുന്ന നിലപാട്​ അവസാനിപ്പിക്കുക, പാലിന്റെ ഗുണമേന്മ അളന്ന്​ ദിനേന ബില്ല്​ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ്​ ഉന്നയിച്ചത്​. അതിനിടെ ഗുണനിലവാരം കുറഞ്ഞ പാൽ അളക്കുമ്പോൾ കമ്പ്യൂട്ടർ റിജക്ട്​ എന്ന്​ കാണിക്കുന്നതിനാലാണ്​ ബില്ല്​ നൽകാത്തതെന്നും അത്തരം പാൽ സ്വീകരിക്കരുതെന്നാണ്​ മിൽമയുടെ നിർദേശമെന്നും സൊസൈറ്റി പ്രസിഡന്റ്​ എം. അമ്മദ്​ പറഞ്ഞു. എന്നാൽ, കർഷകരുടെ വിഷമം പരിഗണിച്ച്​ ഇത്തരം പാലിന്​ മാസത്തിൽ ആവറേജ്​ കണക്കാക്കി ബില്ല്​ തയാറാക്കി നൽകാറുണ്ട്​. ഇത്​ കർഷകരെ ബോധ്യപ്പെടുത്തിക്കൊടുക്കാൻ മെഷീനുമായി വരാൻ മിൽമ അധികൃതരോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. പോട്ടോ : ഇമെയിൽ : പൂക്കാട്​ ക്ഷീരോൽപാദക സഹകരണ സംഘത്തിനു മുന്നിൽ സമരം നടത്തുന്ന കർഷകൻ നാസർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT