നാടിനെ ദുഃഖത്തിലാഴ്ത്തി ഇരട്ട മരണം

നാദാപുരം: കുടുംബ ചരിത്രത്തിന് യാദൃച്ഛികതയായി പിതാവിന്റെ മരണദിവസം തന്നെ മകന്റെയും മരണം. വിലങ്ങാട് ടൗണിൽ മലഞ്ചരക്ക് വ്യാപാരിയായിരുന്ന ഹൃദിന്റെ പിതാവ് കൂവ്വത്തോട്ട് പേപ്പച്ചൻ 10 വർഷം മുമ്പ് ഇതേ ദിവസമാണ് മരിച്ചത്. ദുഃഖവെള്ളിയുടെ പിറ്റേദിവസമായിരുന്നു ആ മരണവും. ശനിയാഴ്ച 11 മണിയോടെയാണ് മാതൃസഹോദരിമാരുടെ മക്കളായ ഹൃദിനും സഹോദരി ഹൃദ്യയും അർധസഹോദരി ആഷ്മിനും വീടിനു 100 മീറ്റർ അകലെയുള്ള പുഴയിൽ കുളിക്കാനിറങ്ങിയത്. വെള്ളം കുറവായ പുഴയിലെ ചുഴിയിൽപെട്ടാണ് ഹൃദിൻ അപകടത്തിലായത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പെൺകുട്ടികളും അപകടത്തിൽപെടുകയായിരുന്നു. ഹൃദ്യയെ നാട്ടുകാർ രക്ഷപ്പെടുത്തി. ബംഗളൂരു ക്രൈസ്റ്റ് കോളജിൽനിന്ന് ഹൃദിൻ സി.എ ഫൈനൽ പരീക്ഷ ഒറ്റത്തവണ എഴുതി പാസായ ആഹ്ലാദത്തിലായിരുന്നു കുടുംബം. സി.എ ജോലി വാഗ്ദാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലും ഈസ്റ്റർ ആഘോഷത്തിൽ പങ്കെടുക്കാനുമായി വെള്ളിയാഴ്ച രാവിലെയാണ് ഇവർ വിലങ്ങാട്ടെ മാതൃസഹോദരിയുടെ വീട്ടിൽ എത്തിയത്. പഠിത്തത്തിൽ ഏറെ മിടുക്ക് കാട്ടിയിരുന്ന ഹൃദിൻ സ്വന്തം കോളജിനുവേണ്ടി പരസ്യചിത്രം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തിരുന്നു. കല്ലാച്ചി സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക നടപടികൾക്കുശേഷം വടകര ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു കാട്ടോളി, പി. സുരയ്യ, പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ ആശുപത്രിയിൽ എത്തി. പടം : CL K Z Ndm 1: ഹൃദിൻ, ആഷ്മിൻ എന്നിവരുടെ മൃതദേഹം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് വടകരയിലേക്ക് മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT