നടുവണ്ണൂർ: വിഷുദിനത്തിൽ ഗുണഭോക്താക്കൾ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. നടുവണ്ണൂർ പഞ്ചായത്തിലെ കാവുന്തറ എട്ടാം വാർഡ് ജലനിധി ആലോത്തു മീത്തൽ കുടിവെള്ള പദ്ധതിക്ക് കീഴിലെ ഗുണഭോക്താക്കളാണ് നടുവണ്ണൂർ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. വോൾട്ടേജ് ക്ഷാമം കാരണം ജലവിതരണ മോട്ടോർ പ്രവർത്തിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം. 10 ദിവസത്തോളമായി അധികൃതർക്ക് പരാതി നൽകിയിട്ടും പ്രശ്നം പരിഹരിക്കാത്തതിനാലാണ് ഗുണഭോക്താക്കൾ പ്രതിഷേധിച്ചത്. നടുവണ്ണൂർ കെ.എസ്.ഇ.ബി സെക്ഷനിലെ പാലയാട്ട് ട്രാൻസ്ഫോമർ പരിധിയിൽ പുതിയോട്ടിൽ പാറ, കുളിയാപൊയിൽ ഭാഗത്ത് ഒരു മാസത്തോളമായി വോൾട്ടേജ് ക്ഷാമം കാരണം ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. പ്രദേശവാസികളായ നൂറോളം കുടുംബങ്ങൾ ഒപ്പിട്ട പരാതി കെ.എസ്.ഇ.ബിയിൽ നൽകിയിട്ടും വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചില്ല. കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്ന 48 കുടുംബങ്ങൾ ഇവിടെയുണ്ട്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻപോലും വെള്ളം ഇല്ലാതായപ്പോയാണ് വീട്ടമ്മമാരുൾപ്പെടെയുള്ളവർ രാവിലെ കെ.എസ്.ഇ.ബി ഓഫിസിൽ എത്തി പ്രതിഷേധിച്ചത്. കുടിവെള്ള പദ്ധതി ഗുണഭോക്തൃ കമ്മിറ്റി പ്രസിഡൻറ് സുരേഷ് പുതിയോട്ടിൽ, ശ്രീജിത്ത് ആലോത്ത് തറ, എ. മിനി, കെ.സി. റിനീഷ്, എ. ആതിര, എം.കെ. തങ്കം, എം.കെ. സുമ, പി. ബിന്ദു, എം. അമ്മാളു, എ.കെ. ഉണ്ണികൃഷ്ണൻ, എം.കെ. ബാലൻ, പി.എം. ബാബു, എം.കെ. റഫ്നീഷ്, എ.എം. ബാബു, എ.എം രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. -------------------------------------------- രാമൻപുഴയിൽ തെളിനീരൊഴുകാൻ സമഗ്ര പദ്ധതി നടുവണ്ണൂർ: ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സായ രാമൻപുഴയുടെ വീണ്ടെടുപ്പിനായി ജനകീയ കൂട്ടായ്മയിൽ ശുചീകരണയജ്ഞം. 'തെളിനീരൊഴുകട്ടെ നവകേരളത്തിനായ്' എന്ന പദ്ധതിയിലാണ് കോട്ടൂർ പഞ്ചായത്തിലെ വാകയാട് ഭാഗത്ത് ഒഴുകുന്ന രാമൻപുഴ ശുചീകരിക്കുന്നത്. പുഴയുടെ സ്വാഭാവികത വീണ്ടെടുക്കുന്നതിനായുള്ള ജനകീയ കർമ പരിപാടിയുടെ ആദ്യഘട്ടമായി നടന്ന പുഴയോര നടത്തം കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ.കെ. ഫിബിൻ, കെ. ഷൈൻ, സിന്ധു കൈപ്പങ്ങൽ, വാർഡ് മെംബർമാരായ ബിന്ദു ഹരിദാസൻ, ബിന്ദു കൊല്ലരുകണ്ടി, ഗീത കെ. ഉണ്ണി, പി. ബാലൻ നമ്പ്യാർ, കെ.വി സുരേഷ്, വി. ബാലൻ തുടങ്ങിയവർ സംസാരിച്ചു. നാല് കിലോ മീറ്ററോളം ദൂരത്തിൽ രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് പുഴയുടെ സ്വാഭാവികതയെ സംബന്ധിച്ച് അടയാളപ്പെടുത്തി. മരങ്ങളും ചളിയും അടിഞ്ഞുകൂടി പുഴ ഗതിമാറി ഒഴുകുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. 23ന് നടക്കുന്ന ശുചീകരണ യജ്ഞം വാകയാട്ട് വയലിൽ താഴെ കലക്ടർ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. പുഴയോര നടത്തത്തിൽ അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ അമ്പതിലധികം വരുന്ന സ്ക്വാഡുകൾ ശുചീകരണം നടത്തും. തെളിനീരൊഴുകും നവകേരളത്തിനായ് എന്ന സന്ദേശമുയർത്തി വിപുല പ്രചാരണ പരിപാടികളാണ് പഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്. ഓരോ വാർഡിലും വിവിധ കേന്ദ്രങ്ങളിൽ പ്രചാരണം നടത്തും. 22 ന് വിളംബര ജാഥ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.