ഒന്നര കോടിയുടെ സ്വര്‍ണവുമായി കരിപ്പൂരിൽ പത്തുപേർ പിടിയിൽ

കാഞ്ഞങ്ങാട്, കണ്ണൂർ സ്വദേശികളും പിടിയിൽ കൊണ്ടോട്ടി: വിമാനത്താവള പരിസരത്ത് കരിപ്പൂർ പൊലീസ് നടത്തിയ പരിശോധനയില്‍ ഒന്നര കോടിരൂപ വിലമതിക്കുന്ന സ്വര്‍ണമിശ്രിതവുമായി പത്തുപേരെ പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലുള്ള 2.67 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. മൂന്ന് കേസുകളിലായി മൂന്ന് യാത്രികരാണ്​ ശരീരത്തില്‍ ഒളിപ്പിച്ച്​ സ്വര്‍ണ മിശ്രിതവുമായെത്തിയത്​. ഇവരെയും ഇവരെ സ്വീകരിക്കാനെത്തിയ ഏഴുപേരെയുമാണ് അറസ്റ്റ്​ ചെയ്തത്. എക്‌സ്‌റേ പരിശോധനയില്‍ ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ സ്വര്‍ണ മിശ്രിതം കാപ്‌സ്യൂള്‍ രൂപത്തില്‍ സൂക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു. ദുബൈയില്‍നിന്നെത്തിയ കാസർകോട് കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി പട്ടാമ്പി അഫ്‌റുദ്ദീന്‍(21), ഷാർജയില്‍നിന്നെത്തിയ കണ്ണൂര്‍ ഈച്ചൂര്‍ ഈന്തുംകാട്ടില്‍ ആബിദ് (30), മലപ്പുറം വഴിക്കടവ് വട്ടപ്പാടം എടത്തൊടിക ആസിഫലി (29) എന്നിവരില്‍നിന്നാണ് സ്വര്‍ണ മിശ്രിതം പിടികൂടിയത്. അഫ്‌റുദ്ദീനില്‍നിന്ന് മൂന്ന് കാപ്‌സ്യൂളുകളിലായി 822 ഗ്രാമും ആബിദില്‍നിന്ന് നാല് കാപ്‌സ്യൂളുകളിലായി 1038 ഗ്രാമും ആസിഫലിയിൽനിന്ന് മൂന്ന് കാപ്‌സ്യൂളുകളിലായി 815 ഗ്രാമും സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ആഭ്യന്തര വിപണിയില്‍ ഒന്നര കോടിയോളം വില മതിക്കുന്ന സ്വർണമാണിത്. അഫ്റുദ്ദീനെ സ്വീകരിക്കാനെത്തിയ കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശികളായ ഫൗസിയ മന്‍സില്‍ എം. മൊയ്ദു(38), അമ്പലക്കടവത്തില്‍ ജസീല മന്‍സില്‍ കെ.പി. റാസിഖ്(38), അമ്പലപ്പടി പോളിക്കൂല്‍ നിജാസ് (28), കണ്ണൂക്കര സമീറാസ് വീട്ടില്‍ ബി. സിയാദ്, ആബിദിനെ സ്വീകരിക്കാനെത്തിയ കോഴിക്കോട് വാവാട് സ്വദേശി കുന്നത്തില്‍ മുഹമ്മദ് ഫാസില്‍(38), ആസിഫലിയെ സ്വീകരിക്കാന്‍ എത്തിയ കോഴിക്കോട് വാവാട് സ്വദേശി മൈലാഞ്ചി കറമ്മല്‍ അനസ് (32), മാളികേക്കല്‍ ഇര്‍ഷാദ് (32) എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തില്‍നിന്നായി മൂന്ന് കാറുകളും പൊലീസ് സംഘം പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT