പണ്ടാട്ടി വരവിന് ഒരുങ്ങി കൊരയങ്ങാട് തെരു

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രത്തിൽ പണ്ടാട്ടി വരവിനു പുനർജനി. പതിറ്റാണ്ടുകളായി വിഷു ദിനത്തിൽ നടക്കുന്ന പണ്ടാട്ടി വരവ് ആഘോഷം മഹാമാരിയെ തുടർന്ന് രണ്ടു വർഷമായി മുടങ്ങിയിരുന്നു. കോവിഡ് നിയന്ത്രണത്തിൽ ഇളവുവന്നതിനെ തുടർന്ന് ആഘോഷം മികച്ച രീതിയിലാക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ഉത്തരകേരളത്തിലെ പത്മശാലിയ സമുദായത്തിൽ പൗരാണിക കാലം മുതൽ ആചരിച്ചു വരുന്ന വിഷുദിനാഘോഷം കൂടിയാണിത്. പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് 'ചപ്പ കെട്ട്', 'ചോയി കെട്ട്', 'യോഗി പുറപ്പാട് ' എന്നിങ്ങനെയും ഈ ആഘോഷം അറിയപ്പെടുന്നു. പണ്ടാട്ടി വേഷത്തിനു പ്രത്യേകതയുണ്ട് വാഴയുടെ തണ്ടോടു കൂടിയ ഉണങ്ങിയ ഇലകളാണ് ഉപയോഗിക്കുക. ശരീരത്തിൽ ഇവ അടുക്കിവെച്ച് കെട്ടും. ശിരസ്സിൽ വാഴയില കൊണ്ടു കിരീടം ചൂടും. ഉണങ്ങിയ ചകിരിത്തുമ്പ് കൊണ്ട് മേൽ മീശ വെച്ച് ഗാംഭീര്യം വരുത്തും. വെള്ളരിക്ക വട്ടത്തിൽ മുറിച്ചു കാതുകളിൽ അണിയും. പണ്ടാട്ടി ആഘോഷം ശിവ-പാർവതി സംഗമത്തിന്റെ ദിവ്യമുഹൂർത്തത്തെയാണ് വിളിച്ചോതുന്നത്. വിഷുദിനത്തിൽ ഇവിടുത്തെ വീടുകളിൽ ക്ഷേമാന്വേഷണത്തിനായി ശിവപാർവതിമാർ വേഷപ്രച്ഛന്നരായി എത്തുന്നുവെന്നാണ് വിശ്വാസം. പരമശിവൻ, പാർവതി, സഹായി എന്നിങ്ങനെ മൂന്നു പേരാണ് വേഷമിടുക. അനുചരന്മാർ കൂടെയുണ്ടാവും. വൈകുന്നേരം മൂന്നു തവണ ക്ഷേത്ര പ്രദക്ഷിണം ചെയ്ത ശേഷമാണ് പണ്ടാട്ടിയും സംഘവും വീടുകയറൽ ആരംഭിക്കുക. ക്ഷേത്ര ഊരാളന്മാരുടേയും ഗുരു കാരണവന്മാരുടേയും വീടുകളിലാണ് ആദ്യ സന്ദർശനം. കുട്ടികളും മുതിർന്നവരും പടക്കം പൊട്ടിച്ച് ഐശ്വര്യ ദേവന്മാരെ വരവേൽക്കും. മടക്കയാത്ര തുടങ്ങുന്നതോടെ വീടുകളിൽ കാണിക്കവെച്ച ധാന്യവും നാളികേരവും മറ്റും സംഘത്തിലെ സഹായി ഏറ്റുവാങ്ങും. ഗൃഹ സന്ദർശനത്തിനുശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഇവ ഭക്തർക്ക് വീതിച്ചുനൽകുകയാണ് പതിവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.