കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ എക്സ്റേ നിരക്ക് വർധിപ്പിച്ചു. 80 രൂപയിൽനിന്ന് 100 രൂപയായാണ് നിരക്ക് വർധിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളും എക്സ്റേക്ക് ഈ തുക അടക്കണം. ഒരാഴ്ചയായി തുക വർധിപ്പിച്ചിട്ട്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന ഒരുവിധം രോഗികൾക്കെല്ലാം ഡോക്ടർമാർ എക്സ്റേ എഴുതാറുണ്ട്. ഫിലിം വാങ്ങാതെ എക്സ്റേ ഡോക്ടർമാർക്ക് കാണാനായി വർഷങ്ങൾക്കുമുമ്പ് തന്നെ കമ്പ്യൂട്ടർ സംവിധാനം ഒരുക്കിയിരുന്നു. എക്സ്റേ എടുത്താൽ കമ്പ്യൂട്ടർ മോണിറ്റർ വഴി ഡോക്ടർമാർക്ക് കാണാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. ആശുപത്രിയിൽ അഡ്മിഷൻ വേണ്ടാത്ത എല്ലാ രോഗികളുടെയും എക്സ്റേ ഇത്തരത്തിൽ കണ്ട് ഡോക്ടർമാർക്ക് ചികിത്സ തീരുമാനിക്കാമായിരുന്നു. അഡ്മിഷൻ ആവശ്യമുള്ള രോഗികൾക്ക് മാത്രമാണ് എക്സ്റേ ഫിലിം എടുക്കേണ്ടിവന്നിരുന്നത്. അതിനാൽ, അഡ്മിഷൻ വേണ്ടവർ മാത്രം പണം അടച്ചാൽ മതിയായിരുന്നു. എന്നാൽ, കമ്പ്യൂട്ടർ സംവിധാനം തുടങ്ങി മാസങ്ങൾക്കുള്ളിൽ അത് പ്രവർത്തനരഹിതമായി. അതോടെ എല്ലാ രോഗികളും എക്സ്റേ ഫിലിം എടുക്കേണ്ടിവന്നു. എക്സ്റേയിൽ മറ്റ് കുഴപ്പങ്ങളൊന്നുമില്ലാത്തവരും ഫിലിം വാങ്ങാൻ നിർബന്ധിതരാവുകയാണ്. എക്സ്റേക്ക് കൂടുതൽ പണം നൽകുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് പണം അടക്കാൻ വരിനിൽക്കുന്നതെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു. പണം അടക്കാൻ ആകെ ഒരു സെന്‍റർ മാത്രമാണ് ഉള്ളത്. ഒ.പിയിൽനിന്നും വാർഡിൽനിന്നും വരുന്ന എക്സ്റേ, സ്കാനിങ് കേസുകളുടെ പണവും ഇതേ സെന്‍ററിലാണ് അടക്കേണ്ടത്. പഴയ സാർജന്‍റ് ഓഫിസിനു സമീപത്തുള്ള കൗണ്ടറിനു മുന്നിൽ എപ്പോഴും പണമടക്കാനുള്ളവരുടെ തിരക്കാണ്. ഇതുമൂലം അത്യാഹിത വിഭാഗത്തിൽ വരുന്ന കേസുകൾ പണമടക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്കാണെങ്കിൽ അടിയന്തര ചികിത്സക്കുപോലും എക്സ്റേ, സ്കാനിങ് ഫലങ്ങൾ ലഭിക്കേണ്ടതിനാൽ ചികിത്സപോലും വൈകുന്ന അവസ്ഥയാണുള്ളത്. മോണിറ്ററിലൂടെ എക്സ്റേ കാണാൻ സാധിക്കുന്ന കമ്പ്യൂട്ടർ സംവിധാനം പ്രവർത്തന സജ്ജമാക്കിയാൽ രോഗികൾക്ക് പെട്ടെന്ന് ചികിത്സ ലഭിക്കുമെന്ന് മാത്രമല്ല, എക്സ്റേക്കും മറ്റും പണമടക്കേണ്ടിയും വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.