ഓവുചാലുകൾ പാതിവഴിയിൽ; വെള്ളക്കെട്ട് വ്യാപകം

കൂളിമാട്: കളൻതോട്-കൂളിമാട് റോഡിന്റെ വിവിധ ഭാഗങ്ങളിൽ പാതിവഴിയിൽ പ്രവൃത്തി നിലച്ച ഓവുചാലുകൾ ദുരിതമാകുന്നു. പലഭാഗത്തായി പണിത ഓവുചാലുകൾ നിർമാണം പൂർത്തിയാക്കാതെ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ ഓവുചാലുകളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ചിറ്റാരിപ്പിലാക്കൽ അങ്ങാടി, പറമ്പിൽ തെക്കേക്കണ്ടി ഭാഗങ്ങളിലാണ് വെള്ളം കെട്ടിക്കിടക്കുന്ന ഓവുചാലുകൾ. പരസ്പരം ബന്ധിപ്പിക്കാതെയും എവിടെയും ചെന്നുചേരാതെയും പാതിയിൽ വഴിമുട്ടിയ നിലയിലാണ് ഓവുചാലുകൾ. റോഡ് നവീകരണത്തിന്റെ ഭാഗമായി ഓവുചാൽ പ്രവൃത്തി തുടങ്ങിയെങ്കിലും മുഴുമിപ്പിക്കാതെ നിലച്ചതാണ് ദുരിതാവസ്ഥക്ക് കാരണം. റോഡിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗതയോഗ്യമാക്കിയെങ്കിലും ഓവുചാലുകളുടെ കാര്യത്തിൽ നടപടിയൊന്നുമുണ്ടായില്ല. നവീകരണപ്രവൃത്തി പുനരാരംഭിക്കുന്ന മുറക്ക് മാത്രമേ ഓവുചാൽ നിർമാണവും തുടങ്ങുകയുള്ളൂ എന്നതാണ് അവസ്ഥ. അതിനാൽ അത്രയുംകാലം ദുരിതം സഹിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.