ഡീസൽ വില കൂടിയതോടെ 'കരയിൽ പിടിച്ചുനിന്ന്'​ ബോട്ടുകൾ

ബേപ്പൂർ: ഡീസൽ വില കുതിച്ചതോടെ യന്ത്രവത്​കൃത ബോട്ടുകൾ മത്സ്യബന്ധനം മതിയാക്കി 'കരയിൽ പിടിച്ചുനിൽക്കാൻ​' തുടങ്ങിയതോടെ മേഖല പ്രതിസന്ധിയിലായി. ഇന്ധന വിലവർധനവും മത്സ്യ ലഭ്യതയുടെ കുറവും കാരണം നിരവധി ബോട്ടുടമകളും തൊഴിലാളികളും കടക്കെണിയിലാണ്. കടലിൽനിന്നു കിട്ടുന്നത് കടലിൽ തന്നെ കത്തിത്തീരുന്ന സ്ഥിതിയായപ്പോൾ, ബോട്ടുകൾ അന്തർസംസ്ഥാനക്കാർക്ക് വിറ്റൊഴിച്ച് പലരും മേഖല വിടുകയാണ്. ആക്രി വിലയ്​ക്കു വിറ്റ്, കിട്ടിയ കാശുമായി കളമൊഴിയുന്നവരുടെ എണ്ണവും ഏറി. ബേപ്പൂർ, നീണ്ടകര, മുനമ്പം, പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി തുടങ്ങി സംസ്ഥാനത്തെ ചെറുതും വലുതുമായ ഹാർബറുകൾ കേന്ദ്രീകരിച്ച് നാലായിരത്തോളം യന്ത്രവത്​കൃത ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നുണ്ടെന്നാണ് കണക്ക്. ഡീസലിന്‍റെ വിലക്കയറ്റം കാരണം ഇവയിൽ പകുതിയിലേറെയും മത്സ്യബന്ധനം താൽക്കാലികമായി നിർത്തിയതോടെ തൊഴിലാളികളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. അനുബന്ധ മേഖലകളായ ഐസ് ഫാക്ടറികൾ, സ്പെയർപാർട്സ് കടകൾ, വലപ്പണിക്കാർ, മത്സ്യം കയറ്റി പോകുന്ന വാഹനങ്ങൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയവരുടെയൊക്കെ ജീവിതമാർഗവും പ്രയാസത്തിലായി. ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന ഡീസൽവില ഇപ്പോൾ 103 രൂപയിൽ എത്തി നിൽക്കുമ്പോൾ, ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്നുള്ള എഴുനൂറിലധികം ബോട്ടുകളിൽ, നൂറ്റിയമ്പതോളം മാത്രമാണ് കടലിൽപോകുന്നത്. മീൻപിടിത്തത്തിന് പോകുവാൻ, ഇടത്തരം ബോട്ടുകൾക്ക് 1000 ലിറ്ററും, വലിയ ബോട്ടുകൾക്ക് 3000 ലിറ്ററും ഡീസൽ വേണം. അയൽസംസ്ഥാനങ്ങളിൽ മത്സ്യബന്ധന മേഖലക്ക്​ ഇന്ധന സബ്സിഡി നൽകുന്നപോലെ കേരളത്തിലും സബ്സിഡി അനുവദിക്കുക, മീൻപിടിത്ത യാനങ്ങളുടെ ഇന്ധനത്തിന് 'റോഡ് സെസ്​​' ഒഴിവാക്കുക, തൊഴിലില്ലാതെ പ്രയാസപ്പെടുന്ന തീരദേശ മേഖലക്ക്​ പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തീരദേശ ഹർത്താൽ അടക്കമുള്ള സമരപരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ഓൾ കേരള ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.