കോഴിക്കോട്​ റെയിൽവേ ലോകോ പൈലറ്റ്​ ഡിപ്പോയും അടച്ചുപൂട്ടാൻ നീക്കം

കോഴിക്കോട്​: ട്രെയിൻ യാത്രയുടെ സുരക്ഷയെപ്പോലും ബാധിക്കുന്നവിധം ലോകോ പൈലറ്റ്​ ഡിപ്പോകളുടെ ശേഷി റെയിൽവേ വെട്ടിച്ചുരുക്കുന്നു. ഡിപ്പോകളിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി കോഴിക്കോട്​ റെയിൽവേ സ്​റ്റേഷന്‍റെ പ്രാധാന്യം കുറക്കുന്ന നടപടികളാണ്​ റെയിൽ​വേയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്​. ഇത്​ ഭാവിയിൽ കോഴിക്കോട് സ്റ്റേഷന്‍റെ വികസന മുരടിപ്പിനുവരെ കാരണമാവുമെന്ന്​ റെയിൽവേ വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു. 150ഓളം ലോകോ പൈലറ്റുമാരുടെ മലബാറിലെ ഏക ആശ്രയമായ കോഴിക്കോട്​ ഡിപ്പോയിലെ തസ്തികകൾ ഘട്ടംഘട്ടമായി ഷൊർണൂരിലേക്ക്​ മാറ്റിത്തുടങ്ങി​. കോഴിക്കോട്​ ഡിപ്പോ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന ആരോപണവുമായി ഓൾ ഇന്ത്യ ലോകോ റണ്ണിങ് സ്റ്റാഫ്​ അസോസിയേഷൻ തന്നെ രംഗത്തെത്തിയിരിക്കയാണ്​. അടുത്ത ദിവസം പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ്​ ലോ​കോ പൈലറ്റുമാർ. ഡിപ്പോകൾ കേന്ദ്രീകരിച്ചാണ്​ ലോകോ പൈലറ്റുമാരുടെയും അസിസ്റ്റന്‍റുമാരുടെയും ജോലി ക്രമീകരണം, ഭക്ഷണം, വിശ്രമം, ക്രൂ ചേഞ്ചിങ് തുടങ്ങിയവ നടപ്പാക്കുന്നത്​. തുടർച്ചയായി നീണ്ട യാത്രകൾക്ക്​ നേതൃത്വം നൽകുന്നത്​ ലോകോ പൈലറ്റുമാരുടെ തൊഴിൽ സമ്മർദം വർധിപ്പിക്കുമെന്നും ഇത്​ അപകടങ്ങൾക്ക്​ കാരണമാവുമെന്നും റെയിൽവേ സേഫ്​റ്റി ഹൈപവർ കമ്മിറ്റി തന്നെ ചൂണ്ടിക്കാട്ടിയതാണ്​. അതിനാലാണ്​ നിശ്ചിത സ്​റ്റേഷൻ ഇടവിട്ട്​ ഡിപ്പോകൾ പ്രവർത്തിക്കുന്നത്​. നേരത്തേയുണ്ടായിരുന്ന കണ്ണൂർ ഡിപ്പോ 2001ൽ അടച്ചുപൂട്ടി. മലബാറിൽനിന്നുള്ള ലോകോ പൈലറ്റുമാരുടെ ഏക ഡിപ്പോ കോഴിക്കോടാണ്​. ഇവിടെ കേന്ദ്രീകരിച്ച്​ 150ഓളം ലോകോ പൈലറ്റുമാരും അസി. ലോകോ പൈലറ്റുമാരുമുണ്ട്​. ഷൊർണൂർ, പാലക്കാട്​ തുടങ്ങി മറ്റു​ ഡി​പ്പോകളിൽനിന്ന്​ ഇവിടേക്ക്​ ട്രാൻസ്ഫറിന്​ അപേക്ഷിച്ച 40ഓളം പേരുമുണ്ട്​. ഈ സാഹചര്യത്തിലാണ്​ ഇവിടെയുള്ളവരെ ഷൊർണൂരിലേക്ക്​ മാറ്റി ഡിപ്പോയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത്​. 17ഓളം ഗുഡ്​സ്​ ​ട്രെയിൻ ലോകോ പൈലറ്റുമാരെ കോഴിക്കോട്ടുനിന്ന്​ നേരത്തേ മാറ്റിയിരുന്നു. പി. ഷംസുദ്ദീൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.