തരിശു വയലിലെ നെൽകൃഷി സമ്പൂർണ വിജയം; ആഘോഷമാക്കി കൊയ്ത്തുത്സവം

ഓമശ്ശേരി: പഞ്ചായത്തിൽ തരിശായി കിടക്കുന്ന വയലുകളിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതിയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ 'സുഭിക്ഷ കേരളം' തരിശ്‌ നെൽകൃഷി പദ്ധതിയിലുൾപ്പെടുത്തി നടത്തിയ നെൽകൃഷി സമ്പൂർണ വിജയം. തരിശായിക്കിടന്ന രണ്ടാം വാർഡിലെ മാനാംകുന്ന് മരുതോറപ്പാടത്തെ അഞ്ച്‌ ഏക്കറോളം സ്ഥലത്ത് ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ്‌ ജന പ്രതിനിധികളും കർഷകരും ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് കൊയ്ത്തുത്സവമായി ആഘോഷിച്ചു. വൈശാഖ്, നവര തുടങ്ങിയ വിത്തിനങ്ങൾ ഉപയോഗിച്ചാണ്‌ തരിശു നെൽകൃഷി നടത്തിയത്‌‌. നാലു മാസം മുമ്പ്‌ വിതച്ച വിത്തുകളാണ്‌ ഇപ്പോൾ വിളവെടുപ്പ്‌ നടത്തിയത്‌. മികച്ച കർഷകനും കൂടത്തായി സെന്റ്‌ മേരീസ്‌ ഹൈസ്കൂളിലെ അധ്യാപകനും കമ്യൂണിറ്റി പൊലീസ്‌ ഓഫിസറുമായ റെജി ജെ. കരോട്ടും സ്കൂളിലെ സ്റ്റുഡൻസ്‌ പൊലീസ്‌ കേഡറ്റുമാണ്‌ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ തരിശുപാടത്ത്‌ നെല്ലും പച്ചക്കറികളും കൃഷിചെയ്തത്‌. മറ്റു വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും സന്നദ്ധരായി വരുന്ന കർഷകർക്ക്‌ പരമാവധി പ്രോത്സാഹനം നൽകുമെന്നും പഞ്ചായത്തധികൃതർ പറഞ്ഞു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റ് എം.എം. രാധാമണി, വികസന സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഒ.പി. സുഹറ, പഞ്ചായത്തംഗങ്ങളായ കെ. കരുണാകരൻ, അശോകൻ പുനത്തിൽ, പി. ഇബ്രാഹീം ഹാജി, കൃഷി അസിസ്റ്റന്റുമാരായ വിനോദ്‌ പോൾ, കെ.എസ്‌. നളിനി, കർഷകൻ റെജി ജെ. കരോട്ട്‌ എന്നിവർ സംസാരിച്ചു. ഫോട്ടോ: ഓമശ്ശേരി പഞ്ചായത്തിലെ മാനാംകുന്ന് മരുതോറപ്പാടത്ത്‌ തരിശ്‌ കൊയ്ത്തുത്സവം പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT