lead ഡി.സി.സി നിർദേശം ലംഘിച്ച് രണ്ടു കോൺഗ്രസ് ഡയറക്ടർമാർ ലീഗിന് വോട്ടു ചെയ്തു മുക്കം: പാർട്ടി നിർദേശം ലംഘിച്ചെത്തിയ രണ്ടു കോൺഗ്രസ് ഡയറക്ടർമാരുടെ പിന്തുണയിൽ മുസ്‍ലിം ലീഗിലെ ടി.കെ. ഷറഫുദ്ദീൻ മുക്കം സഹകരണ ബാങ്ക് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.13 അംഗ ഭരണസമിതിയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ അഞ്ച് ലീഗ് അംഗങ്ങളും കോൺഗ്രസിലെ പി.ടി. ബാലൻ, എൻ.വി. ഷാജൻ എന്നിവരും പങ്കെടുത്തു. മുന്നണി ധാരണ പ്രകാരം കോൺഗ്രസിലെ പി.ടി. ബാലൻ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പാർട്ടി വിപ്പ് ലംഘിച്ച് തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത ഡയറക്ടർമാരെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായും മണ്ഡലം പ്രസിഡൻറ് ടി.ടി. സുലൈമാൻ, മറ്റൊരു ഡയറക്ടർ ഒ.കെ. ബൈജു എന്നിവരെ സസ്പെൻഡ് ചെയ്തതായും ഡി.സി.സി പ്രസിഡൻറ് പ്രവീൺ കുമാർ അറിയിച്ചു. ഏറെനാളത്തെ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിനും കോടതി വ്യവഹാരങ്ങൾക്കുംശേഷം മുക്കം ബാങ്ക് ഭരണം ഒരിക്കൽ കൂടി രാഷ്ടീയ തർക്കങ്ങൾക്കും യു.ഡി.എഫിലെ പടലപിണക്കത്തിനും വേദിയായിരിക്കുകയാണ്. കോൺഗ്രസിന് എട്ടും ലീഗിന് അഞ്ചും അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. മുന്നണി ധാരണ പ്രകാരം ആദ്യ 28 മാസം കോൺഗ്രസിനും തുടർന്നുള്ള 32 മാസം ലീഗിനുമായിരുന്നു പ്രസിഡൻ്റ് പദവി. ധാരണ പ്രകാരമുള്ള സമയമെത്തിയെങ്കിലും അഡ്മിനിസ്ട്രേറ്റിവ് ഭരണവും കേസ് നടപടികളിലും തീരുമാനമാകുന്നതു വരെ ലീഗ് കാത്തിരിക്കുകയായിരുന്നു. ഇതിനിടെ, അധികാരമാറ്റത്തിനായി കോൺഗ്രസിലെ പി.ടി. ബാലൻ സ്ഥാനമൊഴിഞ്ഞു. ഇതോടെ ഐ വിഭാഗം പ്രസിഡന്‍റ് സ്ഥാനത്തിനായി രംഗത്തുവന്നു. നേരത്തേ കോൺഗ്രസിനകത്തെ ഭിന്നത തീർക്കാൻ പാർട്ടി നേതാക്കളായ എൻ. സുബ്രഹ്മണ്യനും ടി. സിദ്ധീഖും ഇടപെട്ട് പ്രസിഡൻ്റ് സ്ഥാനം ഇരുഗ്രുപ്പുകൾക്കുമായി വീതിക്കാൻ കരാറുണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ വിഭാഗത്തിന്റെ അവകാശവാദം. എന്നാൽ, ഐ ഗ്രൂപ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചയാളെ എ ഗ്രൂപ്പിന് സ്വീകാര്യമായില്ല. ബാങ്ക് ഭരണം പിടിച്ചെടുക്കാൻ സി.പി.എം നടത്തിയ നീക്കങ്ങൾക്ക് ഒത്താശ ചെയ്തു. ഭരണം അട്ടിമറിച്ച് സി.പി.എം നേതാവിനെ പ്രസിഡന്‍റാക്കി ഭരണ സമിതിയുണ്ടാക്കാൻ വിളിച്ച യോഗത്തിൽ സംബന്ധിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇയാൾക്കെതിരെ എ വിഭാഗം ഉന്നയിക്കുന്നത്. നേതാക്കൾ തമ്മിലുണ്ടാക്കിയ കരാർ സംബന്ധിച്ച് പ്രാദേശിക നേതൃത്വത്തിന് അറിവില്ലെന്നുമാണ് ഇവർ പറയുന്നത്. ബാങ്കുമായി ബന്ധപ്പെട്ട കേസുകളിലും പ്രശ്നങ്ങളിലും ഐ വിഭാഗം ഇടപെടുകയോ സഹായിക്കുകയോ ചെയ്യാതെ മാറിനിൽക്കുകയായിരുന്നെന്നും ഇവർ ആരോപിക്കുന്നു. ഈ തർക്കങ്ങൾക്കിടയിലാണ് എ ഗ്രൂപ്പിന് അനഭിമതനായ വ്യക്തിയെ പ്രസിഡന്‍റായി തെരഞ്ഞെടുക്കണമെന്ന് കാണിച്ച് ഡി.സി.സി പ്രസിഡൻറ് ഞായറാഴ്ച വിപ്പ് നൽകിയത്. എന്നാൽ, തിങ്കളാഴ്ച വോട്ടെടുപ്പിന് മുമ്പായി ഡയറക്ടർമാരുടേയും പ്രധാന പ്രവർത്തകരുടേയും യോഗം ചേർന്ന് തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് നിർദേശം നൽകി. ഇതെല്ലാം ലംഘിച്ചാണ് രണ്ട് ഡയറക്ടർമാർ യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസ് ഡയറക്ടർമാർ പൂർണമായി യോഗം ബഹിഷ്ക്കരിച്ചാൽ ക്വാറം തികയാതെ തെരഞ്ഞെടുപ്പ് മാറ്റിവെച്ച് ചർച്ചകൾക്ക് ആവശ്യമായ സമയം ലഭിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. അതേസമയം, തെരഞ്ഞെടുപ്പ് നടക്കാതെ വന്നാൽ ഭരണ പ്രതിസന്ധിയുടെ പേരിൽ വീണ്ടും അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്താനുള്ള സാധ്യതയും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.