ATTN: DE *മുട്ടിൽ മരംമുറി കേസിലെ ആരോപണവിധേയന് സുപ്രധാന ചുമതല; നിർണായക കണ്ടെത്തലുകൾ നടത്തിയ ഉദ്യോഗസ്ഥൻ അപ്രധാന തസ്തികയിൽ *സ്ഥലം മാറ്റങ്ങൾ വനം വകുപ്പ് ശിപാർശയില്ലാതെ, ചട്ടങ്ങൾ ലംഘിച്ച് കൽപറ്റ: കോടികളുടെ അഴിമതി നടന്ന മുട്ടിൽ മരംമുറി കേസിൽ കേസിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥന് സുപ്രധാന ചുമതല നൽകി സ്ഥലം മാറ്റം. കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ ഉദ്യോഗസ്ഥനെ അപ്രധാന തസ്തികയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. വിവാദ ഉദ്യോഗസ്ഥന് ഉന്നതസ്ഥാനം നൽകാൻ നടത്തിയ കൂട്ട സ്ഥലംമാറ്റം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തിക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ശിപാർശയില്ലാതെയും സിവിൽ സർവിസസ് ബോർഡിന്റെ അനുമതിയില്ലാതെയുമാണ് സ്ഥലംമാറ്റങ്ങൾ. ഈ നീക്കത്തിൽ വനം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് അപ്രതീക്ഷിത സ്ഥലംമാറ്റങ്ങൾ അടങ്ങിയ ഉത്തരവ് പുറത്തിറങ്ങിയത്. മുട്ടിൽ മരംമുറിയിൽ പ്രതികൾക്കായി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വനംവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയ എന്‍.ടി. സാജനെ സ്ഥാനക്കയറ്റം നൽകി ദക്ഷിണ മേഖല വനം സർക്കിൾ മേധാവിയായി നിയമിച്ചതാണ് സ്ഥലംമാറ്റത്തിൽ ഏറെ ദുരൂഹമായത്. അതോടൊപ്പം, മുട്ടിൽ മരംമുറിയിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ കണ്ണൂർ സി.സി.എഫ് ഡി.കെ. വിനോദ് കുമാറിനെ കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്ന അപ്രധാന തസ്തികയിലേക്ക് സ്ഥലംമാറ്റി. കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ പദവിയിൽനിന്നാണ് സാജനെ ദക്ഷിണ മേഖല വനം സർക്കിൾ മേധാവിയായി നിയമിക്കുന്നത്. ഇതിന് വഴിയൊരുക്കാനായി ഡി.കെ. വിനോദ് കുമാറിനു പുറമെ ദക്ഷിണ മേഖല ചീഫ് കൺസർവേറ്റർ സഞ്ജയൻ കുമാർ, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ആർ. കീർത്തി എന്നിവരെയും സ്ഥലം മാറ്റി. സഞ്ജയൻ കുമാറിനെ വർക്കിങ് പ്ലാനിലേക്കും ആർ. കീർത്തിയെ ഉത്തര മേഖലയിലേക്കുമാണ് മാറ്റിയത്. രണ്ടു വർഷം തികയുന്നതിനു മുമ്പ് ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെങ്കിൽ സിവിൽ സർവിസസ് ബോർഡ് യോഗം ചേർന്ന് ഉദ്യോഗസ്ഥരുടെ ഭാഗം കേൾക്കണമെന്ന ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ല. സി.സി.എഫുമാരുടെ ചുമതല കൂടി വഹിച്ചിരുന്ന ഉത്തര മേഖല ഡെപ്യൂട്ടി കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്ന അപ്രധാന പദവിയിലെത്തുമ്പോൾ ഫലത്തിൽ സാജന് കീഴിലായിരിക്കും ഇനി സ്ഥാനം. മുട്ടിൽ മരംമുറിയിൽ എൻ.ടി. സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയാറാക്കിയത് ഡി.കെ. വിനോദ് കുമാറാണ്. കേസന്വേഷണം പൂർത്തിയാകാനിരിക്കെ വിനോദ് കുമാറിനെ സ്ഥലം മാറ്റിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ എന്‍.ടി. സാജന്‍ മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയതായി വനം വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസ് അട്ടിമറിക്കാന്‍ മറ്റൊരു വ്യാജ കേസ് സൃഷ്ടിച്ചത് ഉൾപ്പെടെ സാജനെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കേസിലെ സംയുക്ത അന്വേഷണം പുരോഗമിക്കെയാണ് പ്രതികൾക്ക് അനുകൂലമായ സ്ഥലംമാറ്റ ഉത്തരവ്. നേരത്തേ സാജനെ കോഴിക്കോട്ടേക്ക് തിരികെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ശിപാർശ വന്നപ്പോൾ വനം മന്ത്രി തടഞ്ഞിരുന്നു. മരംമുറി കേസിൽ ആരോപണ വിധേയനായതിനെ തുടർന്നാണ് സാജനെ കോഴിക്കോട്ടുനിന്ന് കൊല്ലം സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലം മാറ്റിയത്. സർവിസിൽ ആറു മാസം മാത്രമാണ് സാജന് ബാക്കിയുള്ളത്. വിരമിക്കാനിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തരമേഖല ചുമതലയിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്. വനം വകുപ്പിലെ പൊതു സ്ഥലംമാറ്റങ്ങൾ വരാനിരിക്കെയാണ് ധിറുതിപിടിച്ചുള്ള ഇപ്പോഴത്തെ സ്ഥലംമാറ്റം. സ്ഥലംമാറ്റപ്പെട്ട ഐ.എഫ്.എസ് ഉദ്യോഗസ്ഥർ ഉത്തരവിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.