ബംഗളൂരു നഗരത്തിൽ അടിസ്ഥാന സൗകര്യമില്ല;സ്റ്റാർട്ട് അപ്പ് കമ്പനിയെ ഹൈദരാബാദിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി

ബംഗളൂരു: ബംഗളൂരു നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചൂണ്ടികാണിച്ചുകൊണ്ടുള്ള ട്വീറ്റിന് പിന്നാലെ സ്റ്റാർട്ട് അപ്പ് കമ്പനിയെ ഹൈദരാബാദിലേക്ക് സ്വാഗതം ചെയ്ത് തെലങ്കാന ഐ.ടി-വ്യവസായ മന്ത്രി കെ.ടി. രാമ റാവു. ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ട് അപ്പ് കമ്പനിയായ ഖാത്താബുക്കിന്‍റെ സ്ഥാപകൻ രവിഷ് നരേഷ് ആണ് ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരു നഗരത്തെ വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ബംഗളൂരുവിലെ എച്ച്.എസ്.ആർ, കോറമംഗല ഭാഗങ്ങളിലുള്ള സ്റ്റാർട്ടപ്പുകൾ കോടികളുടെ നികുതിയാണ് ഉറപ്പാക്കുന്നത്. എന്നിട്ടും നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. എല്ലാ ദിവസവും വൈദ്യുതി മുടങ്ങുകയാണ്. വിതരണം ചെയ്യുന്ന വെള്ളത്തിനും നിലവാരമില്ല. നഗരത്തിലെ നടപാതകൾ ഉപയോഗിക്കാൻ പോലും കഴിയില്ല. ഇന്ത്യയിലെ സിലിക്കൺ വാലിയേക്കാൾ മറ്റു ഗ്രാമീണ മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യമുണ്ടെന്നുമായിരുന്നു രവിഷ് നരേഷിന്‍റെ ട്വീറ്റ്. നഗരത്തിലെ ഗതാഗതകുരുക്കിൽനിന്ന് വിമാനത്താവളമെത്താൻ മൂന്നു മണിക്കൂറെടുക്കുമെന്നും അദ്ദേഹം വിമർശിച്ചു. ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി എം.പി തേജസ്വി സൂര്യ തുടങ്ങിയവരെയും ടാഗ് ചെയ്തിരുന്നു. നഗര റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് നിരവധി തവണ ഹൈകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടും റോഡ് അപകടങ്ങൾ തുടരുകയാണ്. ഇതിനാൽ തന്നെ ട്വീറ്റിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തെലങ്കാന ഐ.ടി-വ്യവസായ മന്ത്രി കെ.ടി രാമ റാവു ഹൈദരാബാദിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്ന ട്വിറ്ററിലൂടെ മറുപടി നൽകിയത്. വേഗം ബാഗെടുത്ത് ഹൈദരാബാദിലേക്ക് മാറാനും അദ്ദേഹം സ്വാഗതം ചെയ്തു. മികച്ച അടിസ്ഥാന സൗകര്യവും സാമൂഹിക ചുറ്റുപാടും ഹൈദരാബാദിലുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT