യൂത്ത്​ ലീഗ്​ കെ​-റെയിൽ വിരുദ്ധ സമരത്തിനു​നേരെ ജലപീരങ്കി

കോഴിക്കോട്​: കെ-​റെയിൽ പദ്ധതി ഉ​പേക്ഷിക്കണമെന്നാവശ്യപ്പെട്ട്​ മുസ്​ലിം യൂത്ത്​ ലീഗ്​ ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക്​ നടത്തിയ മാർച്ചിനുനേരെ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. എരഞ്ഞിപ്പാലത്തുനിന്ന്​ പ്രകടനമായെത്തിയ നൂറിലേറെ പ്രവർത്തകർ കലക്ടറേറ്റ്​ കവാടത്തിൽ പൊലീസ്​ സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമറിച്ചിട്ട്​ ഉള്ളിലേക്ക്​ പ്രവേശിക്കാൻ ​ശ്രമിച്ചതോ​ടെയാണ്​ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചത്​. തുടർന്നും പ്രവർത്തകർ ഏറെനേരം മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും നേരെ മുദ്രാവാക്യം മുഴക്കി. നേതാക്കളിടപെട്ട്​ പ്രവർത്തകരെ അനുനയിപ്പിച്ചതിനു പിന്നാലെ സമരം നജീബ്​ കാന്തപുരം എം.എൽ.എ ഉദ്​ഘാടനം ചെയ്തു. കെ-റെയിൽ പദ്ധതി വികസനത്തിനല്ല വഴിവിട്ട അഴിമതിക്കാണ്​ കളമൊരുക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. ഇടതു സർക്കാർ നിയമസഭയെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി കേരളത്തെ വഞ്ചിക്കുകയാണ്​. ​കേരള മണ്ണ്​ പണയംവെക്കാൻ സി.പി.എമ്മിനെ അനുവദിക്കില്ലെന്നും ബംഗാളിൽ കിട്ടിയതിനേക്കാൾ വലിയ തിരിച്ചടി പാർട്ടിക്ക്​ കേരളത്തിൽ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത്​ ലീഗ്​ ജില്ല പ്രസിഡന്‍റ്​ മിസ്​ഹബ്​ കീഴരിയൂർ അധ്യക്ഷത വഹിച്ചു. ടി.ടി. ഇസ്മയിൽ, എൻ.സി. അബൂബക്കർ, പി. മൊയ്തീൻകോയ, കെ. മുഹമ്മദലി, സി.കെ. ഷാക്കിർ, കെ.എം.എ. റഷീദ്​ തുടങ്ങിയവർ സംസാരിച്ചു. സി. ജാഫർ സാദിക്ക്, ഒ.കെ. ഫൈസൽ, എസ്.വി. ഷൗലീക്ക്, ഷഫീക് അരക്കിണർ, ഹാരിസ് കൊത്തിക്കുടി, ഷാഹിർ കുട്ടമ്പൂർ, എ. ഷിജിത്ത് ഖാൻ തുടങ്ങിയവർ സമരത്തിന്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT