കന്നാട്ടി റോഡ് നവീകരണ പ്രവൃത്തി ഇഴയുന്നു

*കോൺഗ്രസ് പ്രതിഷേധിച്ചു പേരാമ്പ്ര: പൊതുമരാമത്ത് വകുപ്പ് അഞ്ചു കോടി നവീകരണത്തിനായി നൽകുകയും രണ്ടു വർഷം മുമ്പ് പ്രവൃത്തി ആരംഭിക്കുകയും ചെയ്ത വടക്കുമ്പാട് - വഞ്ചിപ്പാറ - ഗോപുരത്തിലിടം റോഡിന്റെ (കന്നാട്ടി റോഡ്) പ്രവൃത്തി നിലച്ചിട്ട് മാസങ്ങളായി. കരാറുകാരൻ പ്രവൃത്തി പാതിവഴിയിൽ നിർത്തുകയും റോഡ് ഗതാഗതം പൂർണമായും ദുസ്സഹമാവുകയും ചെയ്തു. ഇതേ തുടർന്ന് കരാറുകാരനും അധികൃതരും സർക്കാറും ഒത്തുകളിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് ആഭിമുഖ്യത്തിൽ ഉപവാസ സമരം ഉൾപ്പെടെ നടത്തിയിരുന്നു. അതോടെ കരാറുകാരനെ ഒഴിവാക്കി. മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ പ്രവൃത്തി പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഏഴു വർഷം മുമ്പ് വീതി കൂട്ടുന്നതിനായി നാട്ടുകാർ സ്ഥലം സൗജന്യമായി വിട്ടുനൽകിയതാണ്. പ്രവൃത്തി ആരംഭിച്ചതോടെ ഈ സ്ഥലങ്ങളിലെ ഫലവൃക്ഷങ്ങൾ മുറിച്ചു മാറ്റുകയും ചിലയിടങ്ങളിൽ വീതി കൂട്ടൽ നടക്കുകയും ചെയ്തു. പിന്നീട് പ്രവൃത്തിയൊന്നും നടന്നില്ല. റോഡിന്റെ ഗുണഭോക്താക്കൾക്ക് ഗതാഗത സൗകര്യം ഇല്ലാതാവുകയും തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്ഥലത്തെ ഫലവൃക്ഷങ്ങളിൽ നിന്ന് ലഭിക്കുന്ന ആദായവും ഇല്ലാതായി. മഴ ആരംഭിച്ചാൽ റോഡ് ചളിക്കുളമാവും. റോഡ് നവീകരണ പ്രവൃത്തി ഉടൻ പുനരാരംഭിക്കാനുള്ള നടപടികൾ അധികൃതർ നടത്തണമെന്ന് 16ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യ​പ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. കെ.കെ. ദേവരാജ് അധ്യക്ഷത വഹിച്ചു. എൻ.പി. വിജയൻ, പ്രകാശൻ കന്നാട്ടി, ഇ.സി. സന്ദീപ്, പി.പി. പ്രദീപൻ, രാമചന്ദ്രൻ കൂവ്വപ്പള്ളി, പി.പി. ശ്രീജിത്ത്, രഷിത രാജേഷ്, മിനി നടുക്കണ്ടി എന്നിവർ സംസാരിച്ചു. രജീഷ ഷാജി സ്വാഗതവും രാജീവൻ കൂവ്വപ്പള്ളി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.