​​പണിമുടക്കിന്​ സമാപനം; രണ്ടാം ദിനം ഒറ്റപ്പെട്ട അക്രമങ്ങൾ

കോഴിക്കോട്​: കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധ, തൊഴിലാളിവിരു​ദ്ധ നടപടികൾക്കെതി​രെ സംയുക്​ത ട്രേഡ്​ യൂനിയൻ നടത്തിയ 48 മണിക്കൂർ പണിമുടക്കിന്​ ജില്ലയിലും സമാപനം. ആദ്യദിനത്തിൽനിന്ന്​ വ്യത്യസ്തമായി കൂടുതൽ കടകൾ രാവിലെ തുറന്നെങ്കിലും പലയിടത്തും സമരക്കാർ സംഘടിതമായെത്തി അടപ്പിച്ചു. ആംബുലൻസ്​ അടക്കമുള്ള അവശ്യ സർവിസുകൾ പെരുവഴിയിലായതിനെ തുടർന്ന്​ പെട്രോൾ പമ്പുകൾ തുറക്കണമെന്ന്​ തിങ്കളാഴ്​ച രാത്രി ജില്ല കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ, മുഴുവൻ പമ്പുകളും തുറന്നില്ല. ചിലയിടങ്ങളിൽ സമരക്കാർ പമ്പുകൾ പൂട്ടിച്ചു. സംരക്ഷണം നൽകണമെന്ന കലക്ടറുടെ നിർദേശം പൊലീസ്​ അനുസരിച്ചില്ല. ഫറോക്കിനടുത്ത്​ നല്ലൂരിൽ തുറന്ന പമ്പിന്‍റെ ഉടമയെയും മകനെയും സമരാനുകൂലികൾ മർദിച്ചു. കടകൾ തുറന്നുപ്രവർത്തിക്കുമെന്ന്​ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ചതിനെ തുടർന്ന്​ മിഠായിത്തെരുവിൽ കുറച്ചെണ്ണം തുറന്നു. വലിയങ്ങാടിയിലടക്കം പലയിടത്തും രണ്ട്​ ദിവസത്തെ പണിമുടക്ക്​ കട വൃത്തിയാക്കാനും മറ്റ്​ അറ്റകുറ്റപ്പണികൾക്കും ഉടമകൾ ഉപയോഗപ്പെടുത്തി. മീഞ്ചന്തക്കടുത്ത്​ അരീക്കാട്​ 9.30ന്​ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി കെ. മജീദിന്‍റെ കടയടക്കം വ്യാപാരസ്ഥാപനങ്ങൾ തുറന്നിരുന്നു. എന്നാൽ, സമരക്കാർ എത്തി അടക്കാനാവശ്യപ്പെട്ടു. എന്നാൽ, റിലയൻസ്​ ​ഷോറും പൂട്ടണമെന്ന്​ വ്യാപാരികൾ പറഞ്ഞു. പിന്നീട്​ തങ്ങൾ പ്രകടനം നടത്തുന്നതിനിടെ സമരക്കാർ കൂട്ടമായെത്തി മർദിച്ചുവെന്ന്​ വ്യാപാരികൾ പരാതി​പ്പെട്ടു. ഇൻറർലോക്ക്​ കട്ടയെടുത്ത്​ കടക്ക്​ എറിഞ്ഞതായും ആരോപണമുണ്ട്​. പൊലീസ്​ സ്ഥല​ത്തെത്തി രംഗം ശാന്തമാക്കി. കുറ്റ്യാടിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് സെക്രട്ടറി വായാട്ട് ഗഫൂറിന്‍റെ വി.ജി സ്റ്റേഷനറിയിലെ ജീവനക്കാരൻ മരുതോങ്കര സ്വദേശി ടി.കെ. അനുരാഗിനെ (24) അഞ്ചംഗ സംഘം കടയിൽ കയറി കോളറിൽ പിടിക്കുകയും ഷർട്ട് കീറുകയും ചെയ്തു. പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രകടനം നടത്തി. ട്രേഡ് യൂനിയൻ സംയുക്തസമിതി നേതൃത്വത്തിൽ മൊഫ്യൂസിൽ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് നടത്തിയ പ്രതിഷേധസംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ മാമ്പറ്റ ശ്രീധരൻ ഉദ്‌ഘാടനം ചെയ്‌തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ കെ. രാജീവ് അധ്യക്ഷനായി. കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി, ഇ. പ്രേംകുമാർ, പി.കെ. സന്തോഷ്‌, എൻ. മീന, എൻ.കെ.സി. ബഷീർ, എം.ടി. സേതുമാധവൻ, ഗഫൂർ പുതിയങ്ങാടി, സി.പി. സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. കലക്ടറേറ്റിൽ 12 പേർ മാത്രം ജില്ല ഭരണകൂടത്തി​ന്‍റെ ആസ്ഥാനമായ കലക്ടറേറ്റിൽ രണ്ട്​ താൽക്കാലിക ജീവനക്കാരടക്കം 12 പേരാണ്​ ജോലിക്കെത്തിയത്​. ആദ്യദിനം അഞ്ച്​ പേർ മാ​മാത്രമായിരുന്നു കലക്ടറേറ്റിലെത്തിയത്​. ജോലിക്കെത്തണമെന്ന ഹൈ​കോടതി വിധിയുടെയും തുടർന്ന്​ ​ഡൈസ്​നോൺ പ്രഖ്യാപിച്ച സർക്കാർ ഉത്തരവിന്‍റെയും പശ്ചാത്തലത്തിൽ കൂടുതൽ പേർ എത്തുമെന്ന ആശങ്കയിലായിരുന്നു സമരാനുകൂല സംഘടനകൾ. എൻ.ജി.ഒ യൂനിയനുൾപ്പെടെയുള്ള സർവിസ്​ സംഘടനകളുടെ 25ഓളം പ്രവർത്തകർ രാവിലെ 9.30 മുതൽ സിവിൽ സ്​റ്റേഷന്‍റെ മുഖ്യകവാടത്തിനരികെയുണ്ടായിരുന്നു. ഓഫിസുകളിലേക്ക്​ പോയവരെ ഇവർ തടഞ്ഞില്ല. പിന്നീട്​ ഇവർ പ്രകടനം നടത്തി പിരിഞ്ഞുപോയി. സബ്​ കലക്ടർ വി. ചെൽസാസിനിയടക്കമുള്ള പ്രധാന റവന്യൂവകുപ്പ്​ ഉദ്യോഗസ്ഥർ ജോലിക്കെത്തി. സിവിൽ സ്​റ്റേഷനിലെ തന്നെ ജില്ല പി.എസ്​.സി ഓഫിസുൾപ്പെടെയുള്ള സ്ഥാപനങ്ങൾ ശൂന്യമായിരുന്നു. പണിമുടക്കിന്‍റെ രണ്ടാം ദിവസവും എൽ.ഐ.സി ഓഫിസുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ഡിവിഷന് കീഴിലുള്ള 26 ബ്രാഞ്ച് ഓഫിസുകളും സാറ്റലൈറ്റ് ഓഫിസുകളും തുറന്നില്ല. പണിമുടക്കിയ ജീവനക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.