സി.പി.എം കൗൺസിലർമാർ പ്രതിപക്ഷത്തിനൊപ്പം; എ.ഇക്കെതിരെയുള്ള നടപടിനീക്കം പരാജയപ്പെട്ടു

മുക്കം: മുക്കം നഗരസഭയിൽ അസി. എൻജിനീയർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി വിളിച്ചുചേർത്ത പ്രത്യേക കൗൺസിൽ യോഗത്തിൽ അജണ്ട വോട്ടിനിട്ടപ്പോൾ രണ്ടു സി.പി.എം അംഗങ്ങൾ യു.ഡി.എഫ്, വെൽഫെയർ പാർട്ടി അംഗങ്ങൾക്കൊപ്പം നിന്നു. ഇതോടെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനുള്ള ഭരണപക്ഷത്തിന്റെ നീക്കം വോട്ടിങ്ങിൽ പരാജയപ്പെട്ടു. എ.ഇ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും കരാർ സംബന്ധമായ കേസിൽ ചെയർമാൻ ആവശ്യപ്പെട്ട ഫയലുകൾ നൽകിയില്ലെന്നും അതിനാൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള അജണ്ട ചർച്ച ചെയ്യാനാണ് പ്രത്യേക കൗൺസിൽ യോഗം വിളിച്ചത്. എന്നാൽ, ഉദ്യോഗസ്ഥനെതിരെ സർവിസ് ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി നടപടി കൈക്കൊള്ളണമെന്നും അത്തരം നടപടികൾ സ്വീകരിക്കാതെ കൗൺസിലിനെ ഇതിനായി ഉപയോഗിക്കരുതെന്നുമായിരുന്നു യു.ഡി.എഫ്, വെൽഫെയർ പാർട്ടി അംഗങ്ങളുടെ നിലപാട്. ഇതോടെ അജണ്ട വോട്ടിനിടുകയായിരുന്നു. വോട്ടിങ്ങിൽ സി.പി.എം കൗൺസിലർമാരായ പ്രജിത പ്രദീപും വളപ്പിൽ ശിവനും പ്രതിപക്ഷത്തിനൊപ്പം ചേർന്ന് കൈപൊക്കിയതോടെ നടപടിനീക്കം പരാജയപ്പെട്ടു. നേരത്തേ അസി. എൻജിനീയറെ സ്ഥലംമാറ്റിയെങ്കിലും കോടതി ഇടപെട്ട് തടയുകയായിരുന്നു. അതേസമയം, മുസ്ലിം ലീഗ് വിമതന്റെ പിന്തുണയോടെ നഗരസഭയിൽ തൂക്കുഭരണം നടത്തുന്ന സി.പി.എമ്മിന് അംഗങ്ങളുടെ ചുവടുമാറ്റം കനത്ത തിരിച്ചടിയാണ്. അഴിമതിക്കാരെ ഒരുനിലക്കും വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിന് വിപരീത നിലപാട് എടുത്തവർക്കെതിരെ പാർട്ടിയാണ് നടപടി സ്വീകരിക്കേണ്ടതെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT