പയ്യന്നൂർ കോളജ് മുന്നിൽ കാസർകോട്: അത്യുത്തര ദേശത്തിന് പെരുംകലയാട്ടം സമ്മാനിച്ച മേളക്ക് ഞായറാഴ്ച കൊടിയിറക്കം. കലയുടെ മേളം കൊട്ടിക്കയറിയ പകലിരവുകളുടെ ആവേശത്തിന്‍റെ ഭാഗമാവാൻ ആയിരങ്ങളാണ് നാലാംനാളിലുമെത്തിയത്. ബസ് പണിമുടക്ക് സൃഷ്ടിച്ച യാത്രാദുരിതമെല്ലാം മറികടന്നായിരുന്നു കാഴ്ചക്കാരുടെയും അരങ്ങേറ്റം. കാസർകോട് ഗവ. കോളജിൽ ആദ്യമായെത്തിയ കണ്ണൂർ സർവകലാശാല കലോത്സവത്തെ ഇരുകൈയും നീട്ടിയാണ് നാട്ടുകാർ എതിരേറ്റത്. മേളയുടെ നാലുദിവസം പിന്നിട്ടപ്പോൾ നിലവിലെ ചാമ്പ്യന്മാരായ പയ്യന്നൂർ കോളജ് പയ്യന്നൂരാണ് മുന്നിൽ. 166 പോയന്‍റുമായാണ് പയ്യന്നൂരിന്‍റെ മുന്നേറ്റം. കാഞ്ഞങ്ങാട് നെഹ്റു കോളജാണ് (149) തൊട്ടുപിന്നിൽ. 146 പോയന്‍റുമായി കണ്ണൂർ ശ്രീനാരായണ കോളജ് മൂന്നാംസ്ഥാനത്തുണ്ട്. ഗവ. ബ്രണ്ണൻ കോളജ്- 130, തളിപ്പറമ്പ് സർ സയ്യിദ് -116, കാസർകോട് ഗവ. കോളജ്- 107, ഡോൺബോസ്കോ- 92, ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ 82 എന്നിങ്ങനെയാണ് മറ്റു കോളജുകളുടെ പോയന്‍റ് നില. സ്റ്റേജിനത്തിൽ 36 ഇനങ്ങളാണ് പൂർത്തിയായത്. സമാപന ദിവസമായ ഞായറാഴ്ച കാസർകോട് പുതിയ ബസ്സ്റ്റാൻഡാണ് വേദി എട്ടായി നിശ്ചയിച്ചത്. രാവിലെ പത്തിന് തെരുവുനാടകമാണ് ഇവിടെ നടക്കുക. 2020 ജനുവരി രണ്ടാംവാരത്തിൽ പയ്യന്നൂർ കോളജിലാണ് കണ്ണൂർ സർവകലാശാല കലോത്സവം അവസാനമായി നടന്നത്. കോവിഡ് കാരണം നിലച്ച മേളയുടെ ഉയിർത്തെഴുന്നേൽപിന് കൂടിയാണ് കാസർകോട് സാക്ഷിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.