ജനത്തെ ബന്ദിയാക്കി ബസ്​ സമരം

പരീക്ഷ സമയത്ത്​ പണിമുടക്കിയ ബസുടമകൾക്കെതിരെ പ്രതിഷേധം അധിക സർവിസുകൾ നടത്താതെ കെ.എസ്.ആർ.ടി.സി കോഴിക്കോട്​: നിരക്കുവർധന ആവശ്യപ്പെട്ടുള്ള​ സ്വകാര്യ ബസ്​ സമരം ​വിദ്യാർഥികളടക്കം ജനത്തെ അക്ഷരാർഥത്തിൽ വലച്ചു. ജില്ലയിൽ കോവിഡ്​ ലോക്​ഡൗണിന്​ ശേഷം ഗതാഗത പ്രശ്​നം മൂർധന്യത്തിലെത്തിയിരുന്നു. നിലവിലുള്ള ബസുകൾ പണിമുടക്കിയതോടെ ജനങ്ങൾ ബന്ദികളാകുന്ന അവസ്ഥയായി. ചരിത്രത്തിലാദ്യമായി സ്​കൂൾ വാർഷിക പരീക്ഷ സമയത്ത്​ പണിമുടക്ക്​ നടത്തി ബുദ്ധിമുട്ടിച്ച ബസുടമകൾക്കെതിരെ ജനം അതിരൂക്ഷമായാണ്​ പ്രതികരിച്ചത്​. സ്വകാര്യ ബസുകാരു​ടെ സമരകാലത്ത്​ അൽപമെങ്കിലും ആശ്വാസമാകുന്ന ​ കെ.എസ്​.ആർ.ടി.സി ബസുകളും ഇത്തവണ നാട്ടുകാർക്ക്​ 'പണി നൽകി'. അധിക സർവിസുകളൊന്നും ഓടിയില്ല. ജീവനക്കാരും ബസുകളും ഇല്ലെന്നാണ്​ അധികൃതർ പറയുന്നത്​. ചില സർവിസുകൾ പുനഃക്രമീകരിക്കുകമാത്രമായിരുന്നു. ഇതൊന്നും ദുരിതത്തിന്​ പരിഹാരമായില്ല. വിവിധ ജില്ലകളിലേക്കുള്ള ബസുകളിലും വൻതിരക്കായിരുന്നു. സ്കൂളുകളിൽ വാർഷിക പരീക്ഷക്ക്​ പോകാനുള്ള വിദ്യാർഥികൾ​ ബസ്​ പണിമുടക്കിന്‍റെ ആദ്യദിനം ഏറെ ബുദ്ധിമുട്ടി. സ്കൂൾ ബസുകളിൽ പോകാതെ സ്വകാര്യബസുകളെ ആശ്രയിക്കു​ന്ന വിദ്യാർഥികളാണ്​ ജില്ലയിൽ ഏറെയുമുള്ളത്​. രക്ഷിതാക്കളുടെ വാഹനങ്ങളിലും ഓട്ടോ വിളിച്ചുമാണ്​ ഇവർ സ്കൂളിലെത്തിയത്​. സ്വകാര്യവാഹനങ്ങളൊന്നുമില്ലാത്ത അന്തർസംസ്ഥാന തൊഴിലാളികൾക്കും ദുരിത ദിനമായിരുന്നു. കെ.എസ്​.ആർ.ടി.സി ബസുകൾ സജീവമായ വയനാട്​ റൂട്ടിലൊഴികെ ജനം ബസ്​ കിട്ടാതെ വലഞ്ഞു. ഉൾനാടുകളിൽ കെ.എസ്​.ആർ.ടി.സി ബസ്​ ഓടാത്തതിനാൽ യാത്രക്കാർ മറ്റു മാർഗങ്ങൾ തേടി. കോഴിക്കോട്​ മൊഫ്യൂസിൽ ബസ്​സ്റ്റാൻഡിലും പാളയത്തും പണിമുടക്ക്​ അറിയാതെ യാത്രക്കാരെത്തിയിരുന്നു. ​ ഈ ബസ്​സ്റ്റാൻഡുകൾ വഴിയാണ്​ ചില ​കെ.എസ്​.ആർ.ടി.സി ബസുകൾ ഓടിയത്​. 900ത്തോളം ബസുകളാണ്​ ജില്ലയിൽ ഓടുന്നത്​. ഇവയെല്ലാം സമരത്തിൽ പ​ങ്കെടുത്തു. സമാന്തര സർവിസുകൾ പലയിടത്തും രാവിലെ മുതൽ രംഗത്തെത്തിയിരുന്നു. എന്നാൽ, വൻതുകയാണ്​ ഈടാക്കിയത്​. ടാക്സികൾക്കും ഓട്ടോകൾക്കും വൻകൊയ്ത്തായിരുന്നു. കോഴിക്കോട്​ മെഡിക്കൽ കോളജിലേക്ക്​ പോകാനായി നഗരത്തിലെത്തിയവർക്കും ഓട്ടോയും മറ്റുമായിരുന്നു ആശ്രയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT