എലത്തൂരിൽ മേൽപാലം: ചെലവ്​ സംസ്ഥാന സർക്കാർ വഹിക്കണമെന്ന് റെയിൽവേ

എലത്തൂർ: റെയിൽവേ ഗേറ്റിന് പകരം മേൽപാലം നിർമിക്കാനാവശ്യമായ തുക സംസ്ഥാനസർക്കാർ വഹിക്കണമെന്ന് റെയിൽവേ. എലത്തൂർ റെയിൽവേ ഗേറ്റിന് മേൽപാലം നിർമിക്കുന്നത് സംബന്ധിച്ച് അപേക്ഷ നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ്​ നിർമാണത്തിന് 29 കോടി രൂപയും ഭൂമി ഏറ്റെടുക്കലിന് 10 കോടിയും ആവശ്യമായിവരുമെന്ന്​ റെയിൽവേ അറിയിച്ചത്​. എലത്തൂർ റെയിൽവേ ഗേറ്റിന്‍റെ ട്രെയിൻ വെഹിക്കിൾ യൂനിറ്റ് (ടി.വി.യു) 24,616 മാത്രമാണെന്നും റെയിൽ​വേ മാനദണ്ഡമനുസരിച്ച് ട്രെയിൻ വെഹിക്കിൾ യൂനിറ്റ് ഒരുലക്ഷത്തിന് മുകളിലാണെങ്കിൽ മാത്രമേ വർക്ക് പ്ലാനിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്നും അറിയിപ്പിൽ പറയുന്നു. അതിനാൽ പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും കേരളസർക്കാർ വഹിക്കണം​. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് ഈ പ്രദേശത്തുകൂടി ആയതിനാൽ അതുമായി ബന്ധപ്പെട്ട അലൈൻമെന്‍റ്​ അന്തിമമായതിനുശേഷമേ ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂവെന്നും ആർ.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടർ പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. റെയിൽവേ ഗേറ്റ് ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയിൽ ചെയർമാൻ ഷൈജു പുത്തലത്തിന് പൊതുമരാമത്ത് അണ്ടർ സെക്രട്ടറി ജി.ഐ. നവീൻ കൃഷ്ണൻ നൽകിയ കത്തിലാണ് ഈ വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.