സ്കൂൾ മൈതാനത്ത് കെട്ടിടനിർമാണം; ഭൂമി തരംമാറ്റാൻ അപേക്ഷ നൽകി

-സ്റ്റേഡിയം സംരക്ഷിക്കാൻ കായികപ്രേമികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നുവരുന്നുണ്ട് വടകര: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഭൂമി തരംമാറ്റി കെട്ടിടം നിർമിക്കാൻ ശ്രമം തുടങ്ങി. നഞ്ച ഭൂമിയിൽ ഉൾപ്പെട്ട ഗ്രൗണ്ടിൽ കെട്ടിടം നിർമിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ട്. ഇതേതുടർന്നാണ് ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരംമാറ്റാൻ വടകര കൃഷി ഓഫിസർക്ക് അപേക്ഷ നൽകിയത്. മൈതാനത്ത് കെട്ടിടം നിർമിക്കുന്നതിനെതിരെ ജനകീയരോഷം നിലനിൽക്കുന്നതിനിടെയാണ് കെട്ടിടം നിർമിക്കാൻ ശ്രമം നടക്കുന്നത്. സ്റ്റേഡിയം ഉൾപ്പെടെയുള്ള 68/1 റീ സർവേയിലുള്ള 2.61 ഏക്കർ സ്ഥലത്തിൽനിന്ന് 16 സെന്റ്‌ ഭൂമി തരംമാറ്റാനാണ് അപേക്ഷ സമർപ്പിച്ചത്. ഇതോടൊപ്പം ഗവ. ട്രെയിനിങ് സ്കൂളിന്റെ പേരിൽ തന്നെയുള്ള 69/1 സർവേ നമ്പറിൽപെട്ട 3.16 ഏക്കർ സ്ഥലവും ഉണ്ട്. കര പറമ്പായ ഈ സ്ഥലത്ത് സ്കൂളിന് കെട്ടിടം നിർമിക്കാമെന്നിരിക്കെ മൈതാനത്ത് തന്നെ കെട്ടിടം നിർമിക്കുന്നതാണ് വിവാദത്തിനിടയായത്. ഭൂമി തരംമാറ്റാൻ കൃഷിഭവനിൽ നൽകിയ അപേക്ഷയിൽ, പ്രാദേശിക നിരീക്ഷണസമിതി മുഖേനയാണ് അപേക്ഷ സർക്കാറിലേക്ക് അയക്കേണ്ടത്. നഗരസഭ ചെയർപേഴ്സൻ, കൃഷി ഓഫിസർ, നടക്കുതാഴ വില്ലേജ് ഓഫിസർ എന്നിവരും വിവിധ കർഷക പ്രതിനിധികളുമാണ് ഇതിലെ അംഗങ്ങൾ. ഡേറ്റാ ബാങ്കിൽനിന്ന് മാറ്റിയശേഷം തരംമാറ്റാൻ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മിറ്റിയാണ്. കൃഷിഭവൻ മുഖേനയാണ് ഇത് സർക്കാറിലേക്ക് അയക്കേണ്ടത്. ഈ സ്ഥലം പരിശോധിച്ച ശേഷമേ അധികൃതർക്ക് ഡേറ്റാ ബാങ്കിൽനിന്ന് മാറ്റാനും തരംമാറ്റാനുമുള്ള നടപടി കൈക്കൊള്ളാൻ കഴിയുകയുള്ളൂ. രണ്ടു സർവേ നമ്പറിലുള്ള സ്ഥലവും ഗവ. ട്രെയിനിങ് സ്കൂളിന്റെ പേരിലുള്ളതാണ്. മൈതാനത്തിന്റെ ഒരുഭാഗത്ത് ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രമാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥലത്ത് തന്നെ മൂന്ന് പഴയ കെട്ടിടങ്ങൾ തകർന്നുവീണിട്ട് വർഷങ്ങളായി. ഇവയിൽ ഏതെങ്കിലും ഒരു കെട്ടിടം പൊളിച്ചുമാറ്റി അവിടെ സ്കൂളിന് പുതിയ കെട്ടിടം പണിത് നഗരസഭ സ്റ്റേഡിയം നിലനിർത്തണമെന്നാണ് കായികപ്രേമികളുടെ ആവശ്യം. സ്റ്റേഡിയം നിലനിർത്തി സമീപ സ്ഥലത്ത് കെട്ടിടം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഡിയം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നുവരുന്നതിനിടയിലാണ് സ്കൂൾ അധികൃതർ നഞ്ച ഭൂമിയായ സ്റ്റേഡിയത്തിൽ കെട്ടിടം നിർമിക്കാൻ അനുമതിക്കായി അപേക്ഷ നൽകിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.