കണ്ണൂർ: കെ.എം. മാണിയുടെ വിശ്വസ്തനും കേരള കോൺഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.ടി. ജോസ് പാർട്ടി വിടുന്നു. ചെയർമാൻ ജോസ് കെ. മാണി മുതിർന്ന നേതാക്കളെ അവഗണിക്കുന്നതിലും മലബാർ മേഖലയെ പരിഗണിക്കാത്തതിലും പ്രതിഷേധിച്ചാണ് 54 വർഷത്തെ സജീവ പ്രവർത്തനത്തിനുശേഷം കേരള കോൺഗ്രസ്- എം വിടുന്നത്. തിരുവിതാംകൂറിലെ മുതിർന്ന നേതാക്കളെ അവഗണിച്ച് ഒരുസംഘം സ്തുതിപാഠകരുടെ വലയത്തിലാണ് ജോസ് കെ. മാണിയെന്നും കെ.എം. മാണിയുടെ അവസാന കാലത്ത് അടുത്ത രാജ്യസഭ സീറ്റ് പി.ടി. ജോസിനായിരിക്കുമെന്നും വാഗ്ദാനം നൽകിയതാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. കാഞ്ഞിരങ്ങാട് നടന്ന പാർട്ടി കണ്ണൂർ ജില്ല ക്യാമ്പിലും ഇക്കാര്യം കെ.എം. മാണി വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യസഭ സീറ്റ് ഒഴിവു വന്നപ്പോൾ ജോസ് കെ. മാണിയും വാഗ്ദാനം ആവർത്തിച്ചെങ്കിലും പിന്നീട് ബന്ധപ്പെട്ട കമ്മിറ്റികളിൽ പോലും ആലോചിക്കാതെ ജോസ് കെ. മാണി തന്നെ സ്ഥാനാർഥിയാകുന്നതാണ് കണ്ടത്. 1968 മുതൽ 54 വർഷമായി രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമാണ് പി.ടി. ജോസ്. കെ.എം. മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തൻ കൂടിയായിരുന്നു. 27 വർഷമായി പാർട്ടി ജനറൽ സെക്രട്ടറിയാണ്. ദീർഘകാലം ജില്ല പ്രസിഡന്‍റായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെ.എസ്.എഫ്.ഇ ചെയർമാനായിരുന്നു. ഏതാനും മാസങ്ങളായി കേരള കോൺഗ്രസി(എം) ന്‍റെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. രാജ്യസഭ സീറ്റ് പി.ടി. ജോസിന് നൽകണമെന്നാവശ്യപ്പെട്ട് മലബാർ മേഖലയിലെ ഏഴ് ബിഷപ്പുമാർ ജോസ് കെ. മാണിക്ക് കത്ത് നൽകിയെങ്കിലും പരിഗണിച്ചില്ല. 2022 ഫെബ്രുവരി നാലിന് കരുവഞ്ചാലിൽ മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗത്തിലും പിന്നീട് നടന്ന ജില്ല സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും പങ്കെടുത്തില്ല. വ്യാഴാഴ്ച സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ പങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തിലും പങ്കെടുത്തിട്ടില്ല. പാർട്ടിയുടെയുംപോഷക സംഘടനകളുടെയും പ്രധാന പരിപാടികളുടെ ഉദ്ഘാടകനായി കാണാറുള്ള പി.ടി. ജോസ് അടുത്ത കാലത്തായി ഇത്തരം പരിപാടികളിലൊന്നും പ്രത്യക്ഷപ്പെടാറില്ല. കേരള കോൺഗ്രസ് രാഷ്ട്രീയം വിടുന്നതറിഞ്ഞ് മറ്റു ചില രാഷ്ട്രീയപാർട്ടി നേതാക്കൾ സമീപിച്ചിട്ടുണ്ടെങ്കിലും പി.ടി. ജോസ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 1977ൽ തൃക്കരിപ്പൂരിലും 1980ൽ സുൽത്താൻ ബത്തേരിയിലും 1982ൽ തളിപ്പറമ്പിലും 2001ൽ പേരാമ്പ്രയിലും മത്സരിച്ചിരുന്നു. .............. മട്ടന്നൂർ സുരേന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.