ബജറ്റ് പ്രതീക്ഷക്ക് അനുസരിച്ച് ഉയർന്നില്ല -കാലിക്കറ്റ് ചേംബർ

കോഴിക്കോട് : സംസ്ഥാന ബജറ്റ് പ്രതീക്ഷക്കനുസരിച്ച് ഉയർന്നില്ലെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് വിലയിരുത്തി. രണ്ടു പ്രളയവും കോവിഡ് മഹാമാരിയും തീർത്ത പ്രതിസന്ധിയിൽനിന്നും കരകയറാൻ വ്യാപാര സമൂഹത്തിന് അനുകൂല പ്രഖ്യാപനമൊന്നും ബജറ്റിൽ ഉണ്ടായില്ല എന്നത് വലിയ പോരായ്മയാണെന്ന് ചേംബർ പ്രസിഡന്‍റ്​ റാഫി ദേവസി പറഞ്ഞു. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി നടത്തിയ ബജറ്റ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടമെടുത്തു വികസന പ്രവർത്തനം നടത്തുകയും കടം നികത്താൻ ജനങ്ങളിൽനിന്ന് വീണ്ടും നികുതി പിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ബജറ്റിലെ പരാമർശങ്ങൾ വ്യക്തമാക്കുന്നത്. കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി വിട്ടു കൊടുക്കുന്നതിനുള്ള ഫണ്ട് വകയിരുത്തിയതായി കാണാത്തത് നിരാശപ്പെടുത്തി. അതേസമയം മലബാറിലെ ബേപ്പൂർ ടൂറിസം - നഗര റോഡ് വികസന പദ്ധതികൾ ഏക ആശ്വാസം. മലബാറിലെ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകുന്നത് പ്രശംസനീയമാണ്. സ്വകാര്യ മേഖലയിൽ ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങാനുള്ള നിർദേശം കൂടുതൽ തൊഴിൽ അവസരം നൽകും. പ്രസിഡന്റ് റാഫി ദേവസി അധ്യക്ഷതവഹിച്ചു. ഹോണററി സെക്രട്ടറി എ.പി. അബ്ദുല്ലക്കുട്ടി, സുബൈർ കൊളക്കാടൻ, എം.കെ. നാസർ, ടി.പി. അഹമ്മദ് കോയ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.