പെരുമഴയെത്തും മുമ്പേ ഈ കുടുംബത്തിന് ഒരു വീടു വേണം

കോഴിക്കോട്​: ടാർപോളിനും ഫ്ലക്​സുമുപയോഗിച്ച്​ നിർമിച്ച ഷെഡിൽ താമസിക്കുന്ന കുടുംബത്തെ സഹായിക്കാൻ അയൽപക്കവേദിയും നാട്ടുകാരും ചേർന്ന്​ കമ്മിറ്റി രൂപവത്​കരിച്ചു. കോർപറേഷൻ പരിധിയിൽ പൂളക്കടവ്​ ചാത്തൻ കുളങ്ങര രാമദാസനെയും കുടുംബത്തെയും സഹായിക്കാനാണ് കമ്മിറ്റി.​ അതിദയനീയ സാഹചര്യത്തിലാണ് രാമദാസനും ഭാര്യയും കോളജ്​ വിദ്യാർഥിയായ മകളും ഹൈസ്കൂളിൽ പഠിക്കുന്ന മകനുമടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത്​. ഒരു അടിസ്ഥാന സൗകര്യവുമില്ലാതെ വർഷങ്ങളായി ഈ ഷെഡിൽ ഇവർ ദുരിതജീവിതം നയിക്കുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത ഷെഡിനകത്ത്​ രാത്രി ഇഴജന്തുക്കളുടെ ഭീഷണിയുണ്ട്​. പ്രാഥമിക കൃത്യനിർവഹണം പോലും സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്​. അടുത്ത കാലത്താണ്​ ​രണ്ട്​ സെന്‍റ്​ ഭൂമി ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്യാനായത്​. ഈ ഭൂമിയിൽ ചെറിയൊരു വീടാണ്​ ഇവരുടെ വലിയ സ്വപ്നം. ന്യുമോണിയ ബാധിച്ച്​ ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന രാമദാസിന്​ ഭാരമുള്ള ജോലികളൊന്നും ചെയ്യാനാവില്ല. നിത്യജീവിതം തന്നെ പ്രതിസന്ധിയിലാണ്​. കോവിഡും ലോക്​ഡൗണും ഉള്ള ഡ്രൈവർ ജോലിയും പ്രതിസന്ധിയിലാക്കി. മലബാർ ക്രി​സ്ത്യൻ കോളജിൽ ഡിഗ്രിക്ക്​ പഠിക്കുകയാണ്​ മകൾ. മകൻ ജെ.ഡി.ടി ഇസ്​ലാം സ്​കൂൾ പത്താം ക്ലാസ്​ വിദ്യാർഥിയാണ്​. ഇവരെ താമസയോഗ്യമായ വീട്ടിലേക്ക്​ പുനരധിവസിപ്പിക്കാൻ 'കടവ്​ റെസിഡന്റ്സ്​ അസോസിയേഷൻ' നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു. രണ്ട്​ സെന്‍റ്​ ഭൂമിയിൽ 500 സ്ക്വയർ ഫീറ്റിൽ താഴെ രണ്ട്​ കിടപ്പുമുറിയും അടുക്കളയുമുള്ള ചെറിയൊരു വീട്​ ഉദാരമതികളുടെയും സർക്കാറിന്‍റെയും സഹകരണത്തോടെ ഇവർക്ക്​ നിർമിച്ചുനൽകാനാണ്​ തീരുമാനം​. ഇതിനായി കോർപറേഷൻ 11ാം വാർഡ്​ കൗൺസിലർ ഫെനിഷ കെ. സന്തോഷ്​ രക്ഷാധികാരിയും കോൺഫെഡറേഷൻ ഓഫ്​ റെസിഡന്റ്സ്​ ​അസോസിയേഷൻ പ്രസിഡന്‍റ്​ പി.എച്ച്.​ താഹ ചെയർമാനും കടവ്​ റെസിഡന്റ്സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ ഷംസുദ്ദീൻ പയിങ്ങാളിൽ ജനറൽ കൺവീനറും എസ്​.എച്ച്​ കോൺവന്‍റ്​ മേധാവി സിസ്​റ്റർ എൽസീന ജോൺ ട്രഷററുമായി കമ്മിറ്റി രൂപവത്​കരിച്ചു. രാമദാസന്‍റെ പേരിൽ വെള്ളിമാട്​കുന്ന്​ കനറ ബാങ്കിൽ അക്കൗണ്ട്​ ആരംഭിച്ചിട്ടുണ്ട്​. RAMADASAN A/C NO 08391010 37286, VELLIMADAKUNNU CANARA BANK Branch, IFSC code is CNRB 0000839 District - CALICUT, KERALA - Google PAY NO 6235 606149

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.