വെള്ളായിക്കോട് പാലം വീണ്ടും ബജറ്റിൽ; പ്രതീക്ഷയോടെ ചാലിയാർ തീരവാസികൾ

പന്തീരാങ്കാവ്: ചാലിയാറിനു കുറുകെ വെള്ളായിക്കോട് പാലം പണിയണമെന്ന പതിറ്റാണ്ട് പഴക്കമുള്ള നാട്ടുകാരുടെ മുറവിളിക്ക് സംസ്ഥാന സർക്കാറിന്റെ പുതിയ ബജറ്റിൽ പ്രതീക്ഷയുടെ തലോടൽ. മാമ്പുഴ പാലം പുതുക്കിപ്പണിയാൻ ഫണ്ട് വകയിരുത്തിയതിനൊപ്പമാണ് വെള്ളായിക്കോട് പാലം, മണന്തലക്കടവ് പാലം, തോട്ടോളിക്കടവ് പാലം, കുറ്റിക്കടവ് പാലം എന്നിവക്ക് സ്ഥലമേറ്റെടുക്കാൻ തുക വകയിരുത്തിയത്. മലപ്പുറം ജില്ലയിലെ വാഴയൂരിനെയും കോഴിക്കോട് ജില്ലയിലെ പെരുമണ്ണയെയും ബന്ധിപ്പിക്കുന്ന വെള്ളായിക്കോട് കടവിൽ പാലം പണിയണമെന്നാവശ്യപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർ സമരം തുടങ്ങിയിരുന്നു. പ്രതീകാത്മക തോണി പാലമുൾപ്പെടെയുള്ള സമരത്തെ തുടർന്ന് യു.ഡി.എഫ് സർക്കാർ ബജറ്റിൽ ടോക്കൺ തുക വകയിരുത്തുകയും കരകളിലെ മണ്ണ് പരിശോധന നടത്തുകയും ചെയ്തെങ്കിലും പിന്നീട് തുടർനടപടികളുണ്ടായില്ല. ഇതിനിടയിലാണ് നാട്ടുകാർക്ക് പ്രതീക്ഷ നൽകി പുതിയ ബജറ്റിൽ തുക വകയിരുത്തിയത്. എന്നാൽ, നിർദിഷ്ട പാലക്കാട് -കോഴിക്കോട് ഗ്രീൻ ഫീൽഡ് പാതയുടെ ഭാഗമായി മറ്റൊരു പാലത്തിന്റെ സാധ്യത നിലനിൽക്കേയാണ് തൊട്ടടുത്ത് തന്നെ പുതിയ പാലത്തിനുള്ള പ്രഖ്യാപനവും ബജറ്റിൽ ഇടംപിടിച്ചത്. ഗ്രീൻഫീൽഡ് പാതയുടെ സ്ഥലമേറ്റെടുക്കലിനായുള്ള സർവേയും മറ്റ് നടപടികളും തുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.