കുന്ദമംഗലം: വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമാക്കി കുന്ദമംഗലം അങ്ങാടിയിലും പരിസരങ്ങളിലുമിറങ്ങുന്ന മയക്കുമരുന്ന് ലോബിക്കെതിരെ നടപടി ശക്തമാക്കാൻ തീരുമാനം. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥ, സ്കൂൾ അധ്യാപക, സർവകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്. കുന്ദമംഗലം പഴയ ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ പരിസരം, പുതിയ ബസ് സ്റ്റാൻഡിൽ കെ.എസ്.എഫ്.ഇ ഓഫിസിന് താഴെയുള്ള ഒഴിഞ്ഞ സ്ഥലം, സബ് താലൂക്ക് ഓഫിസിനടുത്ത് നിർമാണം നടക്കുന്ന കെട്ടിട പരിസരം എന്നിവിടങ്ങളിൽ വൈകീട്ട് മൂന്നു മുതൽ 5.30 വരെ പൊലീസ്, എക്സൈസ് നിരീക്ഷണം ശക്തമാക്കും. ഇവിടങ്ങളിൽ വിദ്യാർഥികളെ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. സ്കൂളുകളിൽ പ്രൊട്ടക്ഷൻ ഗ്രൂപ് സജീവമാക്കും, വ്യാപാരികൾ, തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ അങ്ങാടിയിൽ മയക്കുമരുന്ന് സംബന്ധമായ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കുന്നതിനും തീരുമാനമായി. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം എസ്.ഐ അശ്റഫ്, എക്സൈസ് പ്രിവൻറിവ് ഓഫിസർ ഹരീഷ്, കെ. രാജ് നാരായണൻ, ദീപു, പി. അബ്ദുൽ നാസർ, ജ്യോതിഷ്, മുസ്തഫ, ടി. ചക്രായുധൻ, ടി.കെ. ഹിതേഷ് കുമാർ, ഇ.പി. ഉമ്മർ, സുധീഷ് പുൽകുന്നുമ്മൽ, കെ. സുരേഷ്, ശബ്ന റഷീദ് എന്നിവർ സംസാരിച്ചു. ചന്ദ്രൻ തിരുവലത്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.