സ്കൂൾ തുറക്കുന്നത്​ യാ​ത്രാദുരിതത്തിലേക്ക്​

കോഴി​ക്കോട്​: തിങ്കളാഴ്ച സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ വിദ്യാർഥികളു​ടെ യാത്രാദുരിതവും പൂർണമാകും. കോവിഡ്​കാല പ്രതിസന്ധികൾക്കുശേഷം സ്വകാര്യ ബസുകൾ പലതും ഓട്ടം പുനരാരംഭിക്കാത്തതും കെ.എസ്​.ആർ.ടി.സി ബസുകളിൽ യാത്രാപാസ്​ ആവശ്യത്തിന്​ ലഭിക്കാത്തതും വിദ്യാർഥികൾക്ക്​ തിരിച്ചടിയാകുമെന്ന്​ രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളും കോളജുകളും ഘട്ടംഘട്ടമായി തുറന്നപ്പോൾ പോലും യാത്രാക്ലേശം രൂക്ഷമായിരുന്നു. വിദൂര ഗ്രാമങ്ങളിലേക്കുള്ള ബസുകൾ പലതും ഇപ്പോഴും കട്ടപ്പുറത്താണ്​. സ്വകാര്യ വാഹനങ്ങളെയും ഓട്ടോ​റിക്ഷയെയും മറ്റു​ ടാക്സി സർവിസുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്​ വിദ്യാർഥികൾ. പലയിടത്തും വിദ്യാർഥികളെ കയറ്റാൻ ബസ്​ ജീവനക്കാർക്ക്​ താൽപര്യവുമില്ല. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു​ മുന്നിൽനിന്ന്​ വിദ്യാർഥികളെ കയറ്റിയാൽ ബസ്​ നിറയുന്ന അവസ്ഥയുമുണ്ട്​. കോവിഡ്​ പൂർണമായും വിട്ടുമാറാത്ത സാഹചര്യത്തിൽ കുത്തിനിറച്ചുള്ള യാത്രയും അപകടകരമാണ്​. ജില്ലയിൽ നേരത്തേയുള്ളതിന്‍റെ 75 ശതമാനം ബസ്​ സർവിസ്​ മാത്രമാണ്​ പുനരാരംഭിച്ചത്​. രണ്ടും മൂന്നും മിനിറ്റ്​ വ്യത്യാസത്തിൽ ബസുകൾ ഓടിയിരുന്ന റൂട്ടുകളിൽ 10​ മിനിറ്റുവരെയാണ്​ നിലവിലുള്ള 'ടൈം ഗ്യാപ്​'. ബസ്​ ചാർജ്​ വർധിപ്പിക്കാത്തതിനാൽ നഷ്​ടത്തിലാണ്​ ഓട്ടമെന്ന്​ ഉടമകൾ പറയുന്നു. വിദ്യാർഥികളിൽനിന്ന്​ കൂടുതൽ നിരക്ക്​ വാങ്ങുന്നവരുമുണ്ട്​. സ്കൂൾ ബസുകളും പൂർണമായും നിരത്തിലിറങ്ങിയിട്ടില്ല. ലോക്​ഡൗൺ കാലത്ത്​ നിർത്തിയിട്ട ചില ബസുകൾ നശിച്ചു. പുതിയ ബസുകൾ വാങ്ങാനുള്ള സാമ്പത്തികസ്ഥിതി സർക്കാർ സ്കൂളുകൾക്കടക്കമില്ല. ഇതോടെ ഈ ബസുകളെ ആശ്രയിക്കുന്നവരും സ്വകാര്യ ബസിലേക്ക്​ യാത്ര മാറ്റിയിട്ടുണ്ട്​. ഓ​ട്ടോയിലും മറ്റു​ കോൺട്രാക്ട്​​ വാഹനങ്ങളിലും പോയിരുന്ന കുട്ടികൾ രക്ഷിതാക്കളുടെ സാമ്പത്തിക പ്രതിസന്ധി കാരണം സ്വകാര്യ ബസിലാണ്​ യാത്ര. കെ.എസ്​.ആർ.ടി.സി സർവിസുകൾ സജീവമായ റൂട്ടുകളിൽ പാസ്​ അനുവദിക്കാൻ അധികൃതർ മടിക്കുന്നത്​ സ്വകാര്യ ബസുകാർക്ക്​ തിരിച്ചടിയാണ്​. കെ.എസ്​.ആർ.ടി.സി ബസുകൾ കാലിയായി പോകുമ്പോൾ സ്വകാര്യ ബസുകളിൽ നിറയെ കുട്ടികളുമായി യാത്ര ചെയ്യുന്നത്​ അടിവാരം മുതൽ കോഴിക്കോട്​ നഗരം വരെയുള്ള സ്ഥിരം കാഴ്ചയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.