കോഴിക്കോട്: വെള്ളയിലിൽ പുതിയകടവ് ആവിക്കൽ തോടിനു സമീപം നിർമിക്കുന്ന മലിനജല സംസ്‌കരണ കേന്ദ്രത്തിനെതിരെ (സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്) സമരസമിതി നേതൃത്വത്തിൽ നടത്തിയ തീരദേശ ഹർത്താൽ പൂർണം. കോർപറേഷൻ പരിധിയിലെ വെള്ളയിൽ, തോപ്പയിൽ, മൂന്നാലിങ്കൽ എന്നീ മൂന്ന് വാർഡുകളിലാണ് ചൊവ്വാഴ്ച ഹർത്താൽ നടത്തിയത്. സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ പ്രവർത്തകർ ഹർത്താലിന് പിന്തുണയുമായി രംഗത്തുവന്നു. കടകളെല്ലാം അടച്ചും കടലിൽ മത്സ്യബന്ധനത്തിനു പോകാതെയും പ്രദേശവാസികൾ ഹർത്താലിനോട് പൂർണമായി സഹകരിച്ചു. വെള്ളയിൽ ഹാർബർ ഹർത്താലിൽ സ്തംഭിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയായിരുന്നു ഹർത്താൽ. രാവിലെ ഏഴോടെ പ്രതിഷേധക്കാർ ബീച് റോഡ് ഉപരോധിച്ചു. ഒമ്പതോടെ പൊലീസെത്തി ഇവരുമായി സംസാരിച്ചതിനാൽ ഉപരോധം അവസാനിപ്പിച്ചു. പക്ഷേ, നൂറോളം പ്രതിഷേധക്കാർ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. പുതിയാപ്പയിലേക്കുള്ള ബസുകൾ പൊലീസ് വഴിതിരിച്ചുവിട്ടു. ചില ബസുകൾ ഗാന്ധി റോഡ് വരെയേ സർവിസ് നടത്തിയുള്ളൂ. പ്രതിഷേധം മുൻനിർത്തി തോപ്പയിൽ ഭാഗത്തേക്ക് സ്വകാര്യ വാഹനങ്ങൾ ഭാഗീകമായേ പൊലീസ് കടത്തിവിട്ടുള്ളൂ. 12 ഓടെ മണ്ണ് പരിശോധനയുടെ ഭാഗമായി കോർപറേഷൻ അധികൃതർ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. പൊലീസെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. സംഘർഷ സാധ്യത മുൻനിർത്തി വൻ പൊലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വൈകീട്ടോടെ എം.കെ. മുനീർ എം.എൽ.എ സ്ഥലം സന്ദർശിച്ചു. ജനവികാരത്തോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ മലിനജല സംസ്‌കരണ കേന്ദ്രം നിർമാണത്തിന്‍റെ പ്രാരംഭ പ്രവൃത്തികളുടെ ഭാഗമായി പ്രദേശത്തേക്കെത്തിയ മണ്ണ് പരിശോധനവാഹനം നാട്ടുകാർ തടഞ്ഞതോടെയാണ് പ്രതിഷേധങ്ങളുടെ തുടക്കം. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനു പേർ തടിച്ചു കൂടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. കൗൺസിലർ സൗഫിയ അനീഷ് ഉൾപ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലപ്രയോഗത്തിലൂടെ നാട്ടുകാരെ മാറ്റി വാഹനം പ്ലാന്‍റ് നിർമിക്കുന്ന സ്ഥലത്തേക്കെത്തിച്ചു. വാഹനം പുറത്തേക്കെടുക്കാതെ പിരിഞ്ഞുപോവില്ലെന്ന് നാട്ടുകാരും കലക്ടറുടെ ഉത്തരവില്ലാതെ ഇതു സാധ്യമല്ലെന്ന് പൊലീസും നിലപാടെടുത്തു. സമരസമിതി പ്രവർത്തകർ നാട്ടുകാരോട് പിരിഞ്ഞു പോവാൻ ആവശ്യപ്പെട്ടതോടെ രാത്രി എട്ടോടെയാണ് റോഡ് ഉപരോധം അവസാനിച്ചത്. മണ്ണ് പരിശോധന നടത്തുന്നതിനായി എത്തിച്ച വാഹനത്തിന് പൊലീസ് സുരക്ഷ നൽകുന്നുണ്ട്. ചർച്ച ബഹിഷ്കരിച്ചു.... മലിനജല സംസ്‌കരണ പ്ലാന്‍റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കലക്ടർ വിളിച്ചു ചേർത്ത യോഗം സമരസമിതി ബഹിഷ്‌കരിച്ചു. യോഗത്തിന്‍റെയും ചർച്ചയുടെയും ആവശ്യമില്ലെന്നും പദ്ധതി ഇവിടെ വേണ്ടെന്നുമാണ് നിലപാടെന്നും നാട്ടുകാർ പറഞ്ഞു. ജനങ്ങൾക്ക് വലിയ ആശങ്കയാണ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ളത്. അതുകൊണ്ടു തന്നെ പ്ലാന്‍റ് നിർമാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തിയാൽ തടയുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളെയും സാമുദായിക-സാംസ്കാരിക-സാമൂഹിക സംഘടന ഭാരവാഹികളെയും വിളിച്ചു ചേർത്ത് സമരം ശക്തമാക്കാനുള്ള തീരുമാനം എടുക്കാൻ സമരസമിതി തീരുമാനിച്ചു. വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും ജനങ്ങളുടെ ആശങ്കയാണ് പങ്കുവെക്കുന്നതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ വീണ്ടും ചർച്ച നടത്താൻ തയാറാണെന്ന് കലക്ടർ അറിയിച്ചു. ഇതിൻെറ അടിസ്ഥാനത്തിൽ ബുധനാഴ്ച നാട്ടുകാരെ ചർച്ചക്കായി കലക്ടർ ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.