കോഴിക്കോട്​ നഗരത്തിൽ യുവാവ് കുത്തേറ്റ്​​ മരിച്ചു

കോഴിക്കോട്​: നഗരത്തിൽ റെയിൽവേ സ്റ്റേഷൻ ലിങ്ക്​റോഡിൽ വാക്‌തർക്കത്തിനിടെ യുവാവ്​ കത്തിക്കുത്തേറ്റ്‌ മരിച്ചു. പാറോപ്പടി മേലേ വാകേരിയിൽ താമസിക്കുന്ന ഹംസക്കോയയുടെ മകൻ പതിയാരത്ത്‌ കെ.പി. ഫൈസൽ (43) ആണ്​​ കൊല്ലപ്പെട്ടത്‌. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ്‌ സംഭവം. പ്രതി കായംകുളം സ്വദേശി ഷാനവാസിനെ ടൗൺ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കൃത്യത്തിന്‌ ശേഷം പ്രതി റെയിൽവേ സ്റ്റേഷനിലേക്ക്‌ ഓടിക്കയറി. മൂന്നാം പ്ലാറ്റ്‌ഫോമിൽ റെയിൽവേ പൊലീസും നാട്ടുകാരും ചേർന്നാണ്‌ ഇയാളെ പിടിച്ച്‌ ടൗൺ പൊലീസിന്‌ കൈമാറിയത്‌. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ്​ അറിയിച്ചു. സുഹൃത്തുക്കളായ ഇവർ തമ്മിൽ നേരത്തെയും ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന്‍റെ പ്രതികാരമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ ഷാനവാസ്‌ പൊലീസിനോട്‌ സമ്മതിച്ചു‌. ഫൈസൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാലങ്ങളായി വീടുമായി ബന്ധമില്ല. ടൗൺ പൊലീസിലടക്കം കഞ്ചാവ്‌, അടിപിടി കേസുകളുണ്ട്‌. ലിങ്ക്‌ റോഡിൽ സുകൃതീന്ദ്ര കല്യാണ മണ്ഡപത്തിന്‌ സമീപം വെളിച്ചമില്ലാത്ത സ്ഥലത്താണ്​ സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്​തർക്കമാണ്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ഫൈസലിനെ ഉടൻ ബീച്ച്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച്‌ ആശുപത്രി മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.