കോവിഡ്​ ചികിത്സ പാക്കേജിന്‍റെ മറവിൽ സ്വകാര്യ ആശുപത്രി കൊള്ള

കോഴി​ക്കോട്​: കോവിഡ്​ ചികിത്സ പാക്കേജിന്‍റെ മറവിൽ സ്വകാര്യ ആശുപത്രികളുടെ കൊള്ള. ഇടത്തരം ആശുപത്രികൾ പോലും പ്രതിദിനം അയ്യായിരം മുതൽ പതിനായിരം രൂപവരെയാണ് ഈടാക്കുന്നത്. മൂന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്​. പ്രത്യേകിച്ച്​ പ്രായമുള്ളവർക്ക്​ കോവിഡ്​ ബാധിക്കുമ്പോൾ സ്വകാര്യ ആശുപത്രികളെയാണ്​ ആശ്രയിക്കുന്നത്​. ജില്ലയിൽ സർക്കാർ കണക്കു പ്രകാരം 726 പേർ ചൊവ്വാഴ്ച സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുണ്ട്​. സർക്കാർ ആശുപത്രിയിൽ 325 പേരെയുള്ളൂ. ഒമിക്രോൺ വ്യാപകമായ ശേഷം എല്ലാ ദിവസവും ശരാശരി 700 ന്​ മുകളിൽ രോഗികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്​. ഇവർക്ക്​ കോവിഡ്​ പാക്കേജ്​ എന്ന പേരിൽ റൂമിന്​ അമിത വാടക ഈടാക്കുന്നതിന്​ പുറമെ വൈദ്യുതി, ഓക്സിജൻ, ഡോക്ടർ, നഴ്​സിങ് ​ഫീ എന്നിവ വേറെയും ഈടാക്കുന്നുണ്ട്​. രോഗികളുടെ കൂട്ടിരിപ്പുകാർക്ക്​ ഉൾപ്പെടെ ഭക്ഷണം വരെ പാക്കേജിലുണ്ട്​. പക്ഷേ, ഇതിനെല്ലാം വേറെ പണം നൽകണം. കോവിഡിന്‍റെ ആദ്യ ഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികൾ ചികിത്സക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ‍ശക്തമായ ഇടപെടലായിരുന്നു സർക്കാറിന്‍റെ ഭാഗത്തു നിന്നുണ്ടായത്. മൂന്നാം തരംഗം തുടരുമ്പോൾ സ്വകാര്യ ആശുപത്രികളിൽ ഒരു പരിശോധനയും നടക്കുന്നില്ലെന്നാണ് പരാതി. 2021 ജൂലൈയിലാണ് സ്വകാര്യ ആശുപത്രികളിലെ റൂമുകൾക്ക് പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്. അന്നത്തെ അത്ര ഭീതിത സാഹചര്യമല്ല കോവിഡ്​ കൈകാര്യം ചെയ്യുന്നതിൽ നിലവിലുള്ളത്​. വലിയ 'റിസ്കാണ്' കോവിഡ്​ ചികിത്സ എന്ന നിലയിലാണ്​ സ്വകാര്യ ആശുപത്രികൾ ഇപ്പോഴും ചൂഷണം തുടരുന്നത്​.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.