വടകര താലൂക്ക് ഓഫിസ്​ കത്തി നശിച്ചു; നഷ്​ടമായത്​ അര ലക്ഷത്തോളം ഫയലുകൾ

-1907 മുതലുള്ള താലൂക്കിലെ രേഖകളിൽ കുറച്ച് മാത്രമാണ് ബാക്കിയായത് -നഷ്​ടപ്പെട്ട ഡിജിറ്റൽ രേഖകൾ വീണ്ടെടുക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കലക്ടർ സ്വന്തം ലേഖകൻ വടകര: നഗര ഹൃദയത്തിലുള്ള വടകര താലൂക്ക് ഓഫിസ്​ പൂർണമായും കത്തി നശിച്ചു. അര ലക്ഷത്തോളം ഫയലുകളാണ്​ നഷ്​ടമായത്​. വെള്ളിയാഴ്ച പുലർച്ച അഞ്ചരയോടെയാണ് നഗരത്തെ നടുക്കിയ തീപിടിത്തം. 1907 മുതലുള്ള രേഖകളിൽ കുറച്ചുമാത്രമാണ് ബാക്കിയായത്. 2019 മുതലുള്ള ഇ-ഫയലുകളും 19 സെക്ഷനുകളിലായുള്ള കമ്പ്യൂട്ടർവത്​കരിക്കാത്ത 13,000 ഫയലുകളും കത്തിനശിച്ചവയിൽ ഉൾപ്പെടും. ചരിത്ര രേഖകൾ, താലൂക്കിലെ 28 വില്ലേജുകളിലെ ഭൂരേഖ സംബന്ധമായ രേഖകൾ, സർവേ റെക്കോഡുകൾ, ബിൽഡിങ്,​ പെൻഷൻ ഉൾപ്പടെയുളള രേഖകൾ പൂർണമായി കത്തിനശിച്ചു. താലൂക്ക് ഓഫിസിലെ 67 ജീവനക്കാരുടെയും 200ഓളം വില്ലേജ് ഓഫിസർമാരുടെയും സർവിസ് ബുക്കും 72 കമ്പ്യൂട്ടറുകളും അഗ്നിക്കിരയായി . ജീവനക്കാരുടെ സർവിസ് രേഖകളടക്കം സൂക്ഷിക്കുന്ന സർവേ റെക്കോഡ് റൂമി​ൻെറ ഭാഗത്തു നിന്നാണ് ആദ്യം തീ പടർന്നത്. പഴയ ഡി.ഇ.ഒ ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റുന്ന ജോലിക്ക്​ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തീ കണ്ടത്. ഇവർ സമീപത്തെ കോടതി സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. ഇയാളും തൊട്ടടുത്ത് പ്രവർത്തിക്കുന്ന വടകര സബ്​ ജയിൽ അധികൃതരുമാണ് ഫയർ ഫോഴ്സിനെയും പൊലീസിനേയും അറിയിച്ചത്. രാവിലെ 11 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 150 വർഷത്തിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും പൈതൃക സ്മാരകമാക്കി നിലനിർത്താൻ അറ്റകുറ്റപ്പണി നടത്തി നിലനിർത്തുകയായിരുന്നു. നഷ്​ടപ്പെട്ട ഡിജിറ്റൽ രേഖകൾ വീണ്ടെടുക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് സംഭവസ്ഥലം സന്ദർശിച്ച ജില്ല കലക്ടർ എൻ. തേജ്​ ലോഹിത്​ റെഡ്‌ഡി പറഞ്ഞു. തീപിടിത്തം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ കെ.എസ്.ഇ.ബി അധികൃതർ സ്ഥലം സന്ദർശിച്ചു. ഷോർട്ട് സർക്യൂട്ടാണോ കാരണമെന്ന്​ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്നും കൂടുതൽ പരിശോധന നടത്തുമെന്നും വടകര ഇലക്ട്രിക്കൽ സബ്​ ഡിവിഷൻ ചീഫ് എൻജിനീയർ പി.പി. മനോജൻ വ്യക്തമാക്കി. വടകര, തലശ്ശേരി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര സ്​റ്റേഷനുകളിൽനിന്നായി ഒമ്പതോളം ഫയർ യൂനിറ്റുകളാണ് തീ അണച്ചത്. റീജനൽ ഫയർ ഓഫിസർ ടി. രജീഷ്, ജില്ലാ ഫയർ ഓഫിസർ മൂസ വടക്കയിൽ, സ്​റ്റേഷൻ ഓഫിസർമാരായ കെ. അരുൺ, ആനന്ദൻ, വാസിത് ചോയിച്ചൻ കണ്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനം. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ, എം.എൽ.എമാരായ കെ.കെ. രമ, ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, നഗരസഭാ ചെയർ പേഴ്സൺ കെ.പി. ബിന്ദു, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പടം: വടകര താലൂക്ക് ഓഫിസിലുണ്ടായ തീപിടിത്തം Saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.