മേപ്പയൂർ: കെ.കെ. രാഘവൻെറ മരണത്തോടെ നാടിന് നഷ്ടമായത് കൊയിലാണ്ടി താലൂക്കിലെ തല മുതിർന്ന കമ്യൂണിസ്റ്റ് നേതാവിനെയാണ്. സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി, ദീർഘകാലം സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, തുറയൂർ, മേപ്പയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളടങ്ങിയ പ്രഥമ സി.പി.എം മേപ്പയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, ജില്ല വൈസ് പ്രസിഡൻറ്, താലൂക്ക് സെക്രട്ടറി, പേരാമ്പ്ര ഏരിയ സെക്രട്ടറി, മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻറ്, മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1956 ൽ പാർട്ടി അംഗമായി. 1964ൽ സി.പി.എം രൂപം കൊണ്ടതോടെ നേതൃനിരയിലേക്ക് ഉയർന്നു. പാർട്ടിയും കർഷക തൊഴിലാളി സംഘടനയും കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വല പ്രവർത്തനമാണ് നടത്തിയത്. പഞ്ചായത്ത് പ്രസിഡൻറ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കവെ മേപ്പയൂർ പഞ്ചായത്തിൻെറ വികസനത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ജില്ലയിൽ കർഷക തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി നടന്ന നിരവധി പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളിയായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവരുടെയും അംഗീകാരം ആർജിച്ച നേതാവായിരുന്നു കെ.കെ. രാഘവൻ. സർവകക്ഷി അനുശോചന യോഗത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, കെ. കുഞ്ഞമ്മത്, എൻ. കെ. രാധ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പ്രസന്ന, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. ശോഭ, പി.പി. രാധാകൃഷ്ണൻ, കെ. രാജീവൻ, ഇ. അശോകൻ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ടി.കെ.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.