മുക്കം നഗരസഭയിൽ കുട്ടികൾക്കായി 'സ്​റ്റാമിന' പദ്ധതി

-കായികശക്തിയും കൂട്ടായ്മയും മെച്ചപ്പെടുത്തുന്നതിന്​​ പരിശീലനം മുക്കം: കുട്ടികളുടെ കായികാരോഗ്യം വർധിപ്പിക്കുന്നതിന് മുക്കം നഗരസഭ ആവിഷ്കരിച്ച 'സ്​റ്റാമിന' പദ്ധതിക്ക് തുടക്കമായി. അഞ്ചു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫുട്ബാൾ, വോളിബാൾ എന്നിവയിൽ പരിശീലനം നൽകുകയും കായികശക്തിയും കൂട്ടായ്മയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണ് സ്​റ്റാമിന. നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കായിക ക്ലബുകളുടെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ചപരിശീലനം ചെറുപ്പംമുതലേ നൽകുന്നതുവഴി പ്രതിഭകളെ നേരത്തെതന്നെ കണ്ടെത്തി വളർത്തിയെടുക്കാൻ സാധിക്കും. പരിശീലന ശേഷം കുട്ടികൾക്ക് ഓരോ ദിവസവും പഴം, മുട്ട, പാൽ എന്നിവയും നൽകും. കുട്ടികൾക്കുള്ള ജഴ്സി, ഷൂ എന്നിവ സ്പോൺസറിങ്​ വഴിയാണ് കണ്ടെത്തുക. മറ്റ് കളിയുപകരണങ്ങളും പദ്ധതിയുടെ ഭാഗമായി നൽകും. മാമ്പറ്റ മിനി സ്​റ്റേഡിയത്തിൽ നടപ്പാക്കുന്ന 'സ്​റ്റാമിന' മുക്കം ഫുട്ബാൾ അക്കാദമിയാണ് ഏറ്റെടുത്തിട്ടുള്ളത്. മുൻ എം.എസ്.പി കോച്ച് അബൂബക്കർ സിദ്ദീഖ്​ മമ്പാട്, വിനീഷ് മുക്കം എന്നിവരാണ് പരിശീലനം നൽകുന്നത്. മുത്താലത്ത് നവോദയ വായനശാലയുമായും മുത്തേരി സ്കൂൾ ഗ്രൗണ്ടിലും സ്​റ്റാമിന പദ്ധതിപ്രകാരമുള്ള പരിശീലനങ്ങൾ നടക്കും. ചേന്ദമംഗലൂർ, കല്ലുരുട്ടി എന്നീ പ്രദേശങ്ങളിലേക്കും സ്​റ്റാമിന പദ്ധതി വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് നഗരസഭ ചെയർമാൻ പി.ടി. ബാബു, സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ അറിയിച്ചു. ഓരോ പ്രദേശത്തുള്ള ടീമുകളും പ്രീമിയർ ലീഗ് മാതൃകയിൽ ഹോം ആൻഡ് എവെ മത്സരങ്ങൾ കളിക്കുകയും അങ്ങനെ മെച്ചപ്പെട്ട മത്സര പരിചയം നേടുന്നതിനുള്ള അവസരം നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്. 10 വയസ്സിനും 15നും താഴെയുള്ള വിഭാഗങ്ങളാക്കി തിരിച്ചാണ് പരിശീലനം നൽകുക. പെൺകുട്ടികൾക്ക് പ്രത്യേക ബാച്ച് തുടങ്ങാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. ആകെ 300 കുട്ടികൾക്ക് വിവിധ പ്രദേശങ്ങളിൽനിന്നായി കായിക പരിശീലനം നൽകാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. മൂന്ന് വർഷമായി സ്​റ്റാമിന പരിശീലനങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രീമിയർ ലീഗ് മതൃകയിലേക്ക് മാറാൻ ഈ വർഷമാണ് ഒരുങ്ങുന്നത്. സ്​റ്റാമിനയുടെ ആദ്യ ബാച്ച് മാമ്പറ്റ മിനി സ്​റ്റേഡിയത്തിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കായിക കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് പദ്ധതി വിശദീകരിച്ചു. നഗരസഭ ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രജിത പ്രദീപ്, കൗൺസിലർമാരായ രജനി, എം. മധു മാസ്​റ്റർ, വസന്തകുമാരി, ഷണ്മുഖൻ, പ്രിൻസ് മാമ്പറ്റ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.