അടച്ചു പൂട്ടപ്പെട്ട് കടലുണ്ടി; അപ്രതീക്ഷിത നടപടിയിൽ വാക്കേറ്റവും

കടലുണ്ടി : കോവിഡ് 19 സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കണ്ടെയ്ൻമൻെറ് മേഖലയായി പ്രഖ്യാപിക്കപ്പെട്ട കടലുണ്ടി ഗ്രാമപഞ്ചായത്ത് പൂർണമായും അടച്ചു. മറ്റിടങ്ങളിൽനിന്ന് പാലങ്ങൾ വഴിയല്ലാതെ പ്രവേശിക്കാൻ കഴിയാത്ത ദ്വീപ് ഗ്രാമമായ കടലുണ്ടിയിലേക്കുള്ള എല്ലാ വഴികളും വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് അടച്ചത്. ചാലിയം - ബേപ്പൂർ ജങ്കാർ സർവിസും പൊതുഗതാഗത സംവിധാനങ്ങളും നിർത്തലാക്കി. ഫറോക്കുമായി ബന്ധപ്പെടുന്ന കരുവൻ തിരുത്തി, വള്ളിക്കുന്നിലേക്കുള്ള കടലുണ്ടിക്കടവ്, ചേലേമ്പ്ര - യൂനിവേഴ്സിറ്റി ഭാഗത്തേക്കുള്ള മുക്കത്തക്കടവ്, പാറക്കടവ് പാലങ്ങൾ അടച്ചു.കല്ലമ്പാറ, കോട്ടക്കടവ് പാലങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ആംബുലൻസ് അടക്കം വളരെ അത്യാവശ്യ യാത്രക്ക് മാത്രം പ്രദേശവാസികൾക്ക് ഈ രണ്ട് പാലങ്ങൾ ഉപയോഗിക്കാനാകും. ചാലിയം വഴി തീരദേശ പാതയിൽ ദീർഘദൂരയാത്രയും അനുവദിക്കില്ല. ബുധനാഴ്ച രാത്രി പത്തിനാണ്​ കലക്ടർ ഗ്രാമപഞ്ചായത്ത് പൂർണമായും പരിമിത സ്വതന്ത്ര മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. പലരും വിവരമറിഞ്ഞത് വ്യാഴാഴ്ച രാവിലെയാണ്. ബലിപെരുന്നാൾ തലേന്നായതിനാൽ പ്രഖ്യാപനം നാട്ടുകാരെ ഏറെ വലച്ചു.രാവിലെ പാലങ്ങളിലൊന്നും വിലക്കുകൾ ഇല്ലാതിരുന്നതിനാൽ പലരും പുറത്ത് പോയിട്ടുണ്ടായിരുന്നു. പൊലീസും മറ്റു ഉത്തരവാദപ്പെട്ടവരും ചേർന്ന് വഴികളടച്ച് തടസ്സങ്ങളുണ്ടാക്കിയത് തിരികെയെത്തിയവരിൽ അമർഷമുണ്ടാക്കി.കരുവൻ തിരുത്തി പാലത്തിലടക്കം ഇത് വാക്കേറ്റത്തിനിടയായി.മീറ്ററുകൾക്കിപ്പുറമെത്താൻ പലർക്കും പത്ത് കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ടി വന്നു. എന്നാൽ, വളരെ അത്യാവശ്യക്കാരെന്ന് മനസ്സിലായവരെ കടത്തിവിട്ടതായി കോവിഡ് സെൽ വളൻറിയർമാർ പറഞ്ഞു. ഇതിനകം ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചതായും ഇവരുമായി സമ്പർക്കമുണ്ടായ കൂടുതൽ പേരുടെ പരിശോധന ഫലം പുറത്ത് വരുന്നതോടെ പോസിറ്റിവ് സംഖ്യ ഉയരാനിടയുള്ളതിനാലാണ് ധിറുതി പിടിച്ച് കണ്ടെയ്ൻമൻെറ് പ്രഖ്യാപനമുണ്ടായതെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. . ഇറച്ചി, പച്ചക്കറി പലചരക്കുകടകൾ ആറ് മണി വരെ പ്രവർത്തിച്ചു.നേരത്തെ പള്ളികളിൽ പ്രഖ്യാപിക്കപ്പെട്ട പെരുന്നാൾ നമസ്കാരം എല്ലായിടത്തും ഒഴിവാക്കി. സംഘടിത ബലികർമങ്ങളും മാറ്റിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.