കോഴിക്കോട്: സ്‌കൂളുകളിൽ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ പണമടക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ അയച്ചത് ഹൈസ്‌കൂൾ പ്രധാനാധ്യാപകരെ ദുരിതത്തിലാക്കി. 2010 മുതൽ 2019 വരെയുള്ള കാലയളവിൽ സ്‌കൂളുകളിൽ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ വിലയാണ് 18 ശതമാനം പലിശയും ചേർത്ത് അടക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പുസ്തകങ്ങൾ മാറുകയും ആവശ്യക്കാരില്ലാതെ ബാക്കിയാവുകയും ചെയ്തതിന് തങ്ങളെവിടുന്നാണ് പലിശയടക്കം പണം നൽകേണ്ടതെന്നാണ് പ്രധാനാധ്യാപകരുടെ ചോദ്യം. ഉത്തരവ് പിൻവലിക്കണമെന്നും ഉച്ചഭക്ഷണത്തിന് ആവശ്യമായ തുക നൽകണമെന്നും ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.എച്ച്.എ) സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുകയാണ്. സമരപരിപാടികളുടെ ആദ്യഘട്ടമെന്ന നിലയിൽ ശനിയാഴ്ച രാവിലെ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിനുമുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2010-19 കാലഘട്ടത്തിൽ ഒമ്പത്, 10 ക്ലാസുകൾക്കായി വിതരണം ചെയ്ത പുസ്തകങ്ങളാണിപ്പോൾ പ്രധാനാധ്യാപകർക്ക് തലവേദനയായത്. ഈ കാലയളവിൽ രണ്ടുതവണ പുസ്തകം മാറിയിട്ടുണ്ട്. സാധാരണ ഒരുവർഷം ബാക്കി വരുന്ന പുസ്തകങ്ങൾ അടുത്തവർഷവും വിതരണം ചെയ്യും. എന്നാൽ, പുസ്തകങ്ങൾ മാറിയതോടെ ആയിരക്കണക്കിന് പുസ്തകങ്ങൾ ബാക്കിയായി. മാത്രമല്ല, പലപ്പോഴും പുസ്തകം അധ്യായന വർഷം ആരംഭിച്ച ശേഷമാണ് എത്താറുള്ളത്. അതിനാൽ സ്‌കൂളിൽ എത്തുന്ന പുസ്തകങ്ങൾക്ക് പലപ്പോഴും ആവശ്യക്കാരുണ്ടാവില്ല. ബാക്കിയാവുന്ന പുസ്തകങ്ങൾ അതത് സമയങ്ങളിൽ തിരിച്ചെടുക്കുകയാണ് പതിവ്. ഇപ്പോൾ തിരിച്ചെടുക്കൽ നടക്കുന്നില്ല. അതെല്ലാം സ്‌കൂളിൽ കെട്ടിക്കിടക്കുകയാണ്. അതിനാണിപ്പോൾ പുസ്തകത്തിന്റെ വിലയും 18 ശതമാനം പലിശയുമടക്കം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ന്യായീകരണമില്ലെന്ന് കെ.പി.എസ്.എച്ച്.എ ജില്ല പ്രസിഡന്റ് അബ്ദുൽ ഗഫൂർ പറഞ്ഞു. ഒന്നുകിൽ സർക്കാർ പുസ്തകങ്ങൾ തിരിച്ചെടുക്കണം. അല്ലെങ്കിൽ പുസ്തകം പേപ്പർവിലക്ക് വിറ്റ് അതിന്റെ തുക സ്വീകരിക്കണം. ഇതിനുപകരം പ്രധാനാധ്യാപകരോട് അവരുടെ ശമ്പളത്തിൽനിന്നോ പെൻഷനിൽനിന്നോ പണം അടക്കണമെന്നാവശ്യപ്പെടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രക്ഷോഭ പരിപാടികൾ ആസൂത്രണം സംഘടിപ്പിക്കും. തിരുവോണ നാളിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.സി. ഹസ്സൻ, വി.കെ. ഫൈസൽ, കെ. സുധീഷ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.