കുഞ്ഞിപ്പള്ളി ടൗൺ: സർവിസ് റോഡില്ല; പ്രതിഷേധം ശക്തം

വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിൽ സർവിസ് റോഡ് ഒഴിവാക്കി മതിലുകെട്ടി ടൗണിനെ പൂർണമായും ഒറ്റപ്പെടുത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തിൽ വ്യാപാരി വ്യവസായി സംഘടനകൾ പ്രതിഷേധിച്ചു. നിരവധി വ്യാപാരസ്ഥാപനങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ നിരാലംബരാവുന്ന അവസ്ഥയാണ്​ വരാൻപോകുന്നത്​. ജനങ്ങൾ നിരന്തരം ഇടപെടുന്ന കുടുംബാരോഗ്യകേന്ദ്രം, പൊലീസ് സ്റ്റേഷൻ, കൃഷിഭവൻ, ചരിത്രപ്രസിദ്ധമായ കുഞ്ഞിപ്പള്ളി മുതലായവ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക. റെയിൽവേ ഗേറ്റ് ഇല്ലാതായതോടുകൂടി തന്നെ ടൗൺ ഒറ്റപ്പെട്ടിരുന്നു. ടൗണിനെ സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. അരുൺ ആരതി അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ, സമീർ, വി.പി. പ്രകാശൻ, ചെറിയകോയ തങ്ങൾ, ഇ.എം. ഷാജി, സതീശൻ ചാപ്പയിൽ എന്നിവർ സംസാരിച്ചു. മുക്കാളി മുതൽ കുഞ്ഞിപ്പള്ളി വരെ റോഡിന് ഇരുവശത്തും സർവിസ് റോഡ് നിർമിക്കണമെന്ന് ഡി.വൈ.എഫ്.ഐ ചോമ്പാൽ മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ടോൾ പ്ലാസയുടെ പേരിൽ സർവിസ് റോഡ് നിഷേധിക്കപ്പെട്ടാൽ മുക്കാളി റെയിൽവേ സ്റ്റേഷൻ, ചോമ്പാൽ ഹാർബർ, കെ.എസ്.ഇ.ബി തുടങ്ങിയ കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫിസുകളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും. റോഡിന് കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ഉള്ളവർക്ക് യാത്രാസ്വാതന്ത്ര്യം പൂർണമായും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. ആശിഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി കെ. ബഗീഷ്, വിപിൻ കുന്നുമ്മൽ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.