ചരിത്രമെഴുതി അനാമിക, ഇനി ജില്ലയെ പ്രതിനിധീകരിക്കും

കോഴിക്കോട്: വനിത വിഭാഗം സ്​പോർട്​സിൽ പ​ങ്കെടുത്ത്​ ട്രാൻസ് വുമൺ ചരിത്രമെഴുതി. മുക്കം കരിമ്പിൽ പ്രേമരാജ‍ന്‍റെയും നസീറയുടെയും മകൾ അനാമിക ഇനി സംസ്​ഥാന സീനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട്​ ജില്ലയെ പ്രതിനിധീകരിക്കും. കഴിഞ്ഞ ദിവസം ഇ​​ൻഡോർ സ്റ്റേഡിയത്തിൽ ജില്ല മത്സരത്തിൽ പ​ങ്കെടുത്താണ്​ അവർ ഒന്നാമതായത്​. ഹൈകോടതിയുടെ പ്രത്യേക വിധി വഴിയാണ്​ ജില്ല തല മത്സരത്തിൽ പ​​ങ്കെടുത്ത്​ ചാമ്പ്യനായത്​. എന്നിട്ടും സംസ്ഥാന തലത്തിൽ പങ്കെടുക്കണമെങ്കിൽ പ്രത്യേക ഉത്തരവ്​ വേണമെന്ന്​ സ്റ്റേറ്റ് ജൂഡോ അസോസിയേഷൻ ആവശ്യപ്പെട്ടു. ഹൈകോടതിയുടെ ഇടക്കാല ഉത്തരവിൽ ജില്ലതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള നിർദേശം മാത്രമേയുള്ളൂ എന്ന കാരണത്താലാണ്​ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് അനുവാദം കൊടുക്കാതിരുന്നത്​. ഇതോടെ പുനർജനി കൾച്ചറൽ സൊ​സൈറ്റി പ്രസിഡന്‍റ്​ സിസിലി ജോർജും കോഴിക്കോട് ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ഷൈജൽ എം.പിയും ഇടപെട്ട്​ ഹൈകോടതിയിൽ നിന്ന്​ പ്രത്യേക ഉത്തരവ്​ സമ്പാദിക്കുകയായിരുന്നു. ഇ​തോടെ ഹൈകോടതിയുടെ ഇടക്കാല ഉത്തരവിൽ ജില്ല തല ജൂഡോ മത്സരത്തിൽ വനിത വിഭാഗത്തിൽ പങ്കെടുത്തു സ്വർണ മെഡൽ ജേതാവായ ട്രാൻസ് വുമൺ അനാമികക്ക് കോഴിക്കോട് ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ ഇടപെടലിൽ സംസ്ഥാനതല ജൂഡോ മത്സരത്തിൽ പങ്കെടുക്കാനുള്ള വഴി തെളിഞ്ഞു. കൂടാതെ ദേശീയതല സെലക്ഷൻ ട്രയൽസിൽ ഹൈകോടതി അന്തിമ വിധിക്ക് വിധേയമായി ഉൾപ്പെടുത്താം എന്നും കേരള ജൂഡോ അസോസിയേഷൻ ഉറപ്പു നൽകി. കേരള ജൂഡോ അസോസിയേഷൻ ടെക്നിക്കൽ സെക്രട്ടറി ജോയ് വർഗീസ്, ജനറൽ സെക്രട്ടറി പി.ആർ. റെൻ എന്നിവരെ കക്ഷികളാക്കി ഓൺലൈനായി ലീഗൽ സർവിസസ്​ സൊസൈറ്റി നടത്തിയ അദാലത്തിലാണ് തീരുമാനം. കാലിക്കറ്റ്​ സർവകലാശാല കാമ്പസിൽ എം.കോം പഠനം അടുത്ത ദിവസം തടുങ്ങാനിരിക്കുകയാണ്​ അനാമിക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.