കക്കോടി ബ്രാഞ്ച് കനാല്‍ റോഡിലെ യാത്ര ദുരിതമാകുന്നു

കക്കോടി: തലക്കുളത്തൂര്‍-ചേളന്നൂര്‍-കക്കോടി-കുരുവട്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാല്‍ റോഡ് തകര്‍ന്ന് ദുരിതയാത്ര. ചളിക്കുളമായ റോഡിലൂടെ വേണം കനാല്‍ റോഡ് കടന്നുപോകുന്ന ഭാഗങ്ങളിലെ പ്രദേശവാസികള്‍ക്ക് പോവാന്‍. തലക്കുളത്തൂരില്‍നിന്ന് തുടങ്ങുന്ന ഭാഗം മുതല്‍ കനാല്‍ അവസാനിക്കുന്ന കുരുവട്ടൂര്‍ പഞ്ചായത്തിലെ പൂളക്കടവ് വരെ വിവിധ ഭാഗങ്ങളിലായാണ് റോഡ് ശോച്യാവസ്ഥയിലുള്ളത്. കണ്ണങ്കര അക്വഡക്ടിന് സമീപം മുതല്‍ ഒരു കിലോമീറ്ററോളം കാലങ്ങളായി തകര്‍ന്നുകിടക്കുകയാണ്. സോളിങ് ചെയ്ത റോഡിലെ കല്ലുകള്‍ തെന്നിമാറി കുഴികള്‍ രൂപപ്പെട്ടു. ചേളന്നൂര്‍ ഗവ. ഹോമിയോ ഡിസ്പെന്‍സറി ഭാഗം മുതല്‍ ഏഴേ ആറ് വരെ റോഡ് ചളി നിറഞ്ഞ് കുഴിയായി മാറി. ഡിസ്പെന്‍സറിയിലേക്കെത്തുന്ന നൂറുകണക്കിന് രോഗികളും പ്രയാസപ്പെടുകയാണ്. ഇരട്ടപ്പനച്ചി പരദേവതാക്ഷേത്രത്തിലേക്കും നിരവധി വീടുകളിലേക്കുമുള്ള യാത്രമാര്‍ഗമാണിത്. മഴ പെയ്താല്‍ നടന്നുപോകാന്‍പോലും പറ്റാത്ത അവസ്ഥയാണ്. ബൈക്കുകളും മറ്റും കുഴിയിൽ കുടുങ്ങി അപകടത്തിൽപെടുന്നു. കിഴക്കുംമുറി ഭാഗത്തെ പറമ്പടിത്താഴം, ശാന്തിഗിരി ആശ്രമത്തിന് സമീപം, മുന്നൂല്‍ത്താഴം, ഇമ്രാംവീട്ടില്‍താഴം ഭാഗങ്ങളില്‍ 400 മീറ്ററോളം ശോച്യാവസ്ഥയിലാണ്. ശാന്ത്രിഗിരി ആശ്രമത്തിന് സമീപം കിളച്ചിട്ട കനാല്‍ റോഡിലൂടെ പോകവെ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടമുണ്ടായി. ജൽജീവന്‍ പദ്ധതിയുടെ പൈപ്പിടലും റീചാര്‍ജിങ്ങും റോഡ് പണിക്കിടയിലൂടെ നടത്തിയതിനെ തുടര്‍ന്ന് ഈ ഭാഗത്ത് നവീകരണം മുടങ്ങിയിരുന്നു. പൂളക്കടവ് വരെയുള്ള ഭാഗങ്ങളില്‍ വിവിധ റീച്ചുകളിലായാണ് കനാല്‍ റോഡ് നവീകരിക്കുന്നത്. മഴവെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്ന് ടാറിങ് നടത്തിയ ഭാഗങ്ങളിലും റോഡ് കുഴിയായിട്ടുണ്ട്. ഗവ. മെഡിക്കല്‍ കോളജിലേക്ക് എളുപ്പത്തിലെത്താന്‍ ആശ്രയിക്കുന്ന റോഡാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT