മിലിട്ടറി ഇന്‍റലിജൻസ്​ അറസ്റ്റ് ചെയ്തയാൾ കോഴിക്കോട്ടെ​ കേസിലെ പിടികിട്ടാപ്പുള്ളി

കോഴിക്കോട്​: ബംഗളൂരൂവിൽ മിലിട്ടറി ഇന്‍റലിജൻസ്​ അറസ്റ്റുചെയ്ത വയനാട്​ സ്വദേശി കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്​ചേഞ്ച്​ കേസിലെ പിടികിട്ടാപ്പുള്ളി. 2017ൽ നഗരത്തിൽ രണ്ടിടങ്ങളിൽ സമാന്തര എക്സ്ചേഞ്ച് സ്ഥാപിച്ച കേസിലെ പ്രതി വയനാട്​ സ്വ​ദേശി ഷറഫുദ്ദീനാണ്​ (41) ചൊവ്വാഴ്ച അറസ്റ്റിലായത്​. ആർമിയുടെ സതേൺ കമാൻഡന്‍റ്​ മിലിട്ടറി ഇന്‍റലിജൻസും ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും (സി.സി.ബി) സംയുക്തമായാണ്​ ഇയാളെ പിടികൂടിയത്​. ഇയാളും കൂട്ടാളികളും 58 ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ഭുവനേശ്വരി നഗർ, ചിക്കസാന്ദ്ര, സിദ്ധേശ്വർ എന്നിവിടങ്ങളിലെ നാലിടങ്ങളിലായി സമാന്തര എക്സ്​ചേഞ്ചുകൾ ഒരുക്കി 2,144 സിം കാർഡുകൾ​ സ്ഥാപിച്ച് രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റാൻ ശ്രമിച്ചതായി പ്രാഥമിക അന്വേഷണത്തിൽതന്നെ കണ്ടെത്തിയതായാണ്​ വിവരം. ഇയാളുടെ നേതൃത്വത്തിൽ കോഴിക്കോട്​ ആനിഹാൾ റോഡിലെ പി.ബി.എം ബിൽഡിങ്ങി​ന്‍റെ രണ്ടാം നിലയി​ലെ മുറിയിലും സൗത്ത്​ ബീച്ചിലെ പഴയ പാസ്​പോർട്ട്​ ഓഫിസിനടുത്തുള്ള കെട്ടിടത്തി​ന്‍റെ ഒന്നാം നിലയിലെ മുറിയിലും പ്രവർത്തിച്ച സമാന്തര ടെലിഫോൺ എക്സ്​ചേഞ്ചുകൾ 2017 നവംബർ 27നാണ്​ രഹസ്യ വിവരത്തെ തുടർന്ന്​ ടെലികോം എൻഫോഴ്​സ്​മൻെറ്​​ ടൗൺ പൊലീസി​ന്‍റെ സഹായത്തോടെ കണ്ടെത്തിയത്​. നൂറിലേറെ സിം കാർഡുകൾ, സിം ബോക്​സ്​, കമ്പ്യൂട്ടർ തുടങ്ങിയവ ഇവിടെനിന്ന്​ പിടിച്ചിരുന്നു. ഇന്ത്യൻ വയർലെസ്​ ടെലിഗ്രാഫ്​ ആക്​റ്റ്​, ഇന്ത്യൻ ടെലിഗ്രാഫ്​ ആക്​റ്റ്​, ഇന്ത്യൻ ശിക്ഷ നിയമത്തിലെ 406, 420 വകുപ്പുകൾ എന്നിവ പ്രകാരം​ ടൗൺ പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിൽ ഷറഫുദ്ദീനെ കൂടാതെ അഫ്​സൽ, ബിനു എന്നിവരായിരുന്നു പ്രതികൾ. ​രണ്ടാം പ്രതിയായ കുളങ്ങര പീടിക സ്വദേശി ബിനൂഷ്​ (34) പിന്നീട്​ പിടിയിലായെങ്കിലും ഷറഫുദ്ദീനും അഫ്​സലും വിദേശത്തേക്ക്​ കടന്നു. അഞ്ചുവർഷത്തിന് ശേഷമാണിപ്പോൾ ഷറഫുദ്ദീൻ അറസ്റ്റിലാവുന്നത്​. കോഴി​ക്കോട്ടെ കേസിൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പിടിച്ചെടുത്ത സിം കാർഡുകളുപയോഗിച്ച്​ വിദേശ രാജ്യങ്ങളിൽനിന്നടക്കം നിരവധി കോളുകളാണ്​ ഇവർ സ്വീകരിച്ച​തെന്ന്​ വ്യക്തമായിരുന്നു. അതിനിടെ, നഗരത്തിലെ ഏഴ്​ സ്ഥലങ്ങളിൽ വേറെയും സമാന്തര എക്സ്​ചേഞ്ചുകൾ സ്ഥാപിച്ചത്​ ക​ണ്ടെത്തിയിരുന്നു. ഈ കേസിലെ മുഴുവൻ പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല. -സ്വന്തം ലേഖകൻ ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.