അനധികൃത കെട്ടിടങ്ങൾക്ക്​ കോർപറേഷന്‍റെ അനുമതി: പൊലീസ്​ അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ കോഴിക്കോട്​: ഉദ്യോഗസ്ഥരുടെ ലോഗിനും പാസ്​വേഡും ദുരുപയോഗം ചെയ്ത്​ അനധികൃത കെട്ടിടങ്ങൾക്ക്​ അനുമതി നൽകിയ സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്ത്​ അന്വേഷണം ആരംഭിച്ചു. കോഴിക്കോട്​ കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി സിറ്റി പൊലീസ്​ മേധാവിക്ക്​ നൽകിയ പരാതിയിൽ ടൗൺ പൊലീസാണ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ ആ​രെയും പ്രതിചേർത്തിട്ടില്ല. ഇന്ത്യൻ ശിക്ഷാനിയമം 468 (വഞ്ചനക്കായി വ്യാജ രേഖയുണ്ടാക്കൽ), 471 (ഡിജിറ്റൽ സംവിധാനത്തിൽ വ്യാജരേഖയുണ്ടാക്കൽ), ഐ.ടി ആക്​റ്റിലെ 66 -സി, 66 -ഡി എന്നീ വകുപ്പുകൾ പ്രകാരമണ്​ കേസെടുത്തത്​. ജീവനക്കാരിൽനിന്നടക്കം​ മൊഴികൾ ശേഖരിച്ചശേഷമാവും ​ആരെയൊക്കെ പ്രതിചേർക്കണം എന്ന്​ തീരുമാനിക്കുക. കോർപറേഷന്‍റെ ബേപ്പൂർ മേഖല ഓഫിസിലെ ലാപ്ടോപ്പിൽനിന്നാണ്​ ലോഗിനും പാസ്​വേഡുമുപയോഗിച്ച്​ അനധികൃത കെട്ടിടങ്ങൾക്ക്​ നമ്പർ നൽകുകയും ഡിജിറ്റൽ ഒപ്പ്​ നൽകി നികുതിയടക്കാൻ സൗകര്യമൊരുക്കുകയും ചെയ്തത്​ എന്നാണ്​ പരാതിയിൽ പറയുന്നത്​. അതിനാൽ കേസ്​ ബേപ്പൂർ പൊലീസിന്​ കൈമാറാനുള്ള സാധ്യതയുണ്ട്​. ഈ ലാപ്​ടോപ്​ അടക്കം പൊലീസ്​ കസ്റ്റഡിയിലെടുത്ത്​ പരിശോധിക്കും. ​സൈബർ സെല്ലിന്‍റെകൂടി സഹായത്തോടെയാവും ടൗൺ അസി. കമീഷണർ പി. ബിജുരാജിന്‍റെ മേൽനോട്ടത്തിലുള്ള​ അന്വേഷണം. മലാപ്പറമ്പ്​, വലിയങ്ങാടി, മൂന്നാലിങ്ങൽ, തിരുത്തിയാട്​ എന്നീ വാർഡുകളിലെ അനധികൃതമെന്ന്​ കണ്ടെത്തിയവയടക്കം ആറ്​ കെട്ടിടങ്ങൾക്ക്​ നമ്പർ നൽകിയെന്നാണ്​ കോർപറേഷൻ അധികൃതർ പ്രാഥമികമായി കണ്ടെത്തിയത്. എങ്കിലും പല വാർഡുകളിലായി ആയിരത്തോളം കെട്ടിടങ്ങൾക്ക്​ ഇത്തരത്തിൽ അനുമതി നൽകിയെന്നും ലക്ഷങ്ങളുടെ ഇടപാട്​ നടന്നെന്നുമാണ്​ ആരോപണം. സംഭവം പുറത്തായതോടെ ലോഗിൻ വിവരങ്ങൾ ​കൈകാര്യം ചെയ്യുന്നതിലടക്കം വീഴ്ച വരുത്തിയെന്ന്​ ചൂണ്ടിക്കാട്ടി കോഴിക്കോട്​ മെയിൻ ഓഫിസിലെ റവന്യൂ വിഭാഗം സൂപ്രണ്ട്​ പി. കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്​പെക്ടർ എൻ.പി. മുസ്തഫ, ബേപ്പൂർ സോണൽ ഓഫിസ്​ സൂപ്രണ്ട്​ കെ.കെ. സുരേഷ്​, റവന്യൂ ഓഫിസർ പി. ശ്രീനിവാസൻ എന്നിവരെ സസ്​പെൻഡ്​ ചെയ്തിട്ടുണ്ട്​. നഗരസഭ ഉപയോഗിക്കുന്ന ഇൻഫർമേഷൻ കേരള മിഷൻ ഓൺലൈൻ സോഫ്​റ്റ്​വെയറായ 'സഞ്ചയ' വഴിയാണ്​ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങൾക്ക്​ അനുമതി നൽകിയത്​​. സംഭവത്തിൽ അഡീഷനൽ സെക്രട്ടറി മനോഹറിന്‍റെ നേതൃത്വത്തിൽ കോർപറേഷൻ ആഭ്യന്തര വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. അതിനിടെ, ഭരണസമിതിയുടെ മുഖംരക്ഷിക്കാൻ ജീവനക്കാരെ ബലിയാടാക്കിയെന്നാരോപിച്ചും സസ്​പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടും​ സി.പി.എം, കോൺഗ്രസ്​ അനുകൂല സംഘടനകളായ കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ സ്റ്റാഫ്​ യൂനിയൻ, കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ സ്റ്റാഫ്​ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.