പ്രകൃതിയിലെ കാഴ്ചകളാണീ പെയിന്‍റിങ്ങുകൾ

കോഴിക്കോട്​: പ്രകൃതിയിലേക്ക്​ നോക്കുക, കാഴ്ചകളിൽ പ്രചോദനമുൾക്കൊള്ളുക, അമൂർത്തവും പ്രതിഫലനാത്മകവുമായ ചിത്രമൊരുക്കുക... ഇതാണ്​ ജി.എസ്​.ടി സ്​പെഷൽ കമീഷണർ വീണ എൻ. മാധവന്‍റെ രീതി. മഴവില്ലിന്‍റെ മനോഹാരിത, കടൽ, പുഴ, വനം, രാത്രി, മഴ, ആകാശഗംഗ, പൂക്കൾ... ഇങ്ങനെ പോകുന്നു ഇവരുടെ ചിത്ര വിഷയങ്ങൾ. മാനാഞ്ചിറ ലളിതകലാ അക്കാദമി ആർട്ട്​ ഗാലറിയിലാണ്​ വീണയുടെ പെയിന്‍റിങ്​ പ്രദർശനം 'എൻചാന്റിങ്​ ഹ്യൂസ്​' ആരംഭിച്ചത്​. ഐ.എ.എസുകാരിയായ ഇവർ ബഹുവിധ മാധ്യമങ്ങൾ ഉപയോഗിച്ച്​ ചിത്രരചനയിൽ വേറിട്ട പരീക്ഷണങ്ങൾ നടത്തുന്നു. ഫ്ലൂയിഡ്​ ആർട്ട്​ ​ശൈലിയിലെ അക്രിലിക്​ പോറിങ്​, റെസിൻ, വാട്ടർകളർ ഇങ്ക്​, ആൽക്കഹോൾ ഇങ്ക്​ എന്നിവയാണ്​ പ്രധാനമായും ഉപയോഗിക്കുന്ന മാധ്യമങ്ങൾ. രണ്ടു​ വർഷമെടുത്ത്​ ആൽക്കഹോൾ ഇങ്കുപയോഗിച്ച്​ തീർത്ത 25 പെയിന്‍റിങ്ങുകളാണ്​ പ്രദർശനത്തിലുള്ളത്​. ഡൽഹി ​ജവഹർലാൽ നെഹ്​റു സർവകലാശാലയിൽനിന്ന്​ ഇംഗ്ലീഷ്​ സാഹിത്യത്തിൽ പിഎച്ച്​.ഡി നേടിയ ഈ കലാകാരി എം.ഫിൽ, പിഎച്ച്​.ഡി ഗവേഷണ വിഷയങ്ങൾ അടിസ്ഥാനമാക്കി നിരവധി ലേഖനങ്ങൾ സാഹിത്യ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഫോട്ടോഗ്രഫിയിലും ശ്രദ്ധിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ ഇവർ ആരുടെ കീഴിലും ചിത്രരചന അഭ്യസിക്കാതെ സ്വന്തമായി വരച്ചുതുടങ്ങുകയായിരുന്നു. മുൻ ചീഫ്​ സെക്രട്ടറി കെ. ജയകുമാർ പ്രദർശനം ഉദ്​ഘാടനം ചെയ്തു. മുൻ എക്​സൈസ്​ കമീഷണർ ​ഋഷിരാജ്​ സിങ്​ മുഖ്യാതിഥിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.