രക്തജന്യ രോഗികൾക്ക്​ വിദഗ്​ധ ചികിത്സക്ക്​ സർക്കാർ നടപടി സ്വീകരിക്കും -​മന്ത്രി

കോഴിക്കോട്​: തലാസീമിയ, സിക്കിൾ സെൽ അനീമിയ പോലുള്ള മാരക രക്തജന്യ രോഗികൾക്ക്​ വിദഗ്​ധ ചികിത്സ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​. ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ലോക അരിവാൾ രോഗ ദിനാചരണവും തലാസീമിയ രോഗികളുടെ കുടുംബസംഗമവും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴി​​ക്കോട്​ മെഡിക്കൽ കോളജിൽ വിദഗ്​ധ ഹെമറ്റോളജി കേന്ദ്രം തുടങ്ങണമെന്ന​ ആവശ്യം ന്യായമാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മജ്ജ മാറ്റിവെച്ച തലാസീമിയ രോഗികളെ ആദരിക്കുകയും എസ്​.എസ്​.എൽ.സി പരീക്ഷയെഴുതിയ തലാസീമിയ രോഗികൾക്കുള്ള പി.ടി. അൻഷിഫ് മെമ്മോറിയൽ കാഷ് അവാർഡ് സമ്മാനിക്കുകയും ​മികവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു. മേഖല ശാസ്ത്രകേന്ദ്രം ഡയറക്ടർ ബിനോയ് കുമാർ ദുബെ മുഖ്യാതിഥിയായിരുന്നു. മെഡിക്കൽ കോളജ് പീഡിയാട്രിക് മേധാവി ഡോ. വി.ടി. അജിത് കുമാർ, മെഡിക്കൽ കോളജ് കൺസൾട്ടന്‍റ്​ ഹെമറ്റോളജിസ്റ്റ് ഡോ. ബി. ഹിത ക്ലാസെടുത്തു. ബ്ലഡ് പേഷ്യന്‍റ്​സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി അധ്യക്ഷത വഹിച്ചു. കെ.എസ്​. പൃഥ്വിരാജ്​ സ്വാഗതവും എം. മുഹമ്മദ്​ ഇർഷാദ്​ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.