ശ്രീനഗർ: ആയിരം മുറിവുകളിലൂടെ ചോരയൊഴുകുന്ന ഇന്ത്യ എന്ന സമീപനത്തിലൂടെ ജമ്മു-കശ്മീരിലെ സമാധാനം തകർക്കാനാണ് പാകിസ്താൻ തുടർച്ചയായി ശ്രമിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പക്ഷേ, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും മുറിവേൽപ്പിക്കുന്ന നടപടിയുണ്ടായാൽ ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ജമ്മു-കശ്മീരിലെ സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹം ബാരാമുല്ലയിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു. 'നമ്മുടെ അയൽരാജ്യം എപ്പോഴും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുകുകയാണ്. നിരവധി ഭീകരപ്രവർത്തനങ്ങൾക്കും ഇവരുടെ ചെയ്തികൾ മൂലം രാജ്യം സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്. രാജ്യത്തിനായി ശക്തമായ പ്രതിരോധ കവചമാണ് സുരക്ഷാസേന തീർത്തിരിക്കുന്നത്. ആരാണോ അത് തകർക്കാൻ ശ്രമിക്കുന്നത് അവർ സ്വയം രക്തം ചിന്തേണ്ടിവരും'- രാജ്നാഥ് തുടർന്നു. ജമ്മു-കശ്മീരിൽ ഭീകരാക്രമണങ്ങൾ കുറക്കാനായതിൽ അദ്ദേഹം സൈനികരെ അഭിനന്ദിച്ചു. ബി.എസ്.എഫ്, സി.ആർ.പി.എഫ്, ജമ്മു-കശ്മീർ പൊലീസ് എന്നിവരുടെ നിസ്സീമമായ പ്രയ്തനമാണ് ഭീകരാക്രമണങ്ങളെ തടയാനായത്. ചീഫ് ഓഫ് ആർമി സ്റ്റാഫ് മേജർ ജനറൽ മനോജ് പാണ്ഡെ, ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി, 19 ഇൻഫാൻട്രി ഡിവിഷൻ മേജർ ജനറൽ അജയ് ചന്ദുപുരിയ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.