വിമാനത്തിലെ പ്രതിഷേധം: അധ്യാപകൻ സ്ഥിരം ക്രിമിനലെന്ന് എം.വി. ജയരാജൻ

കണ്ണൂർ: വിമാനത്തില്‍ മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവും അധ്യാപകനുമായ ഫർസീൻ മജീദ് സ്ഥിരം ക്രിമിനലാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വധശ്രമം, ആയുധത്തോടെ അതിക്രമിച്ചുകയറി ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പകര്‍ച്ചവ്യാധി നിരോധനനിയമം ലംഘിക്കല്‍ തുടങ്ങി 19 കേസുകളിലെ പ്രതിയാണ് ഇദ്ദേഹമെന്ന് ജയരാജൻ പറഞ്ഞു. 2015ല്‍ യു.ഡി.എഫ് ഭരിക്കുമ്പോള്‍പോലും കേസുകളില്‍ പ്രതിയായി. ഗുണ്ടകളുടെ രാജാവായ കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യസ്ഥന്മാരിലൊരാളാണ് പിടിയിലായ മുഖ്യപ്രതി. കുറ്റവാസന സ്ഥിരമായി പ്രകടിപ്പിക്കുന്ന ഒരാള്‍ വിമാനത്തില്‍ കയറിയത് മുഖ്യമന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. ആയുധം കൊണ്ടുപോകാന്‍ കഴിയാതിരുന്നത് സുരക്ഷ പരിശോധനയുള്ളതിനാലാണ്. ഫർസീന്റെ കൂട്ടാളിയും 2017ലും 2021ലും വിവിധ കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇത്തരം സ്ഥിരം കുറ്റവാളികളെ വിമാനയാത്രയില്‍ മുഖ്യമന്ത്രിയെ പിന്തുടരാന്‍ അയച്ചത് ബോധപൂർവം അക്രമം നടത്താനാണെന്നും ജയരാജൻ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.