കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസിൽ ബംഗളൂരുവിലേക്ക് നീണ്ടുനിവർന്നുകിടന്ന് പോകാൻ എത്ര കാത്തിരിക്കണം?. സിഫ്റ്റ് സർവിസ് തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും കോഴിക്കോടുനിന്ന് എ.സി സ്ലീപ്പർ ബസുകൾ തുടങ്ങാൻ കെ.എസ്.ആർ.ടി.സി മടികാണിക്കുകയാണ്. ഗജരാജ എന്ന പേരിലുള്ള സ്ലീപ്പർ സർവിസുകൾ ബംഗളൂരുവിലേക്കും ചെന്നൈയിലേക്കുമെല്ലാം ഓടുന്നുണ്ട്. സ്വകാര്യ കോൺട്രാക്ട് കാരേജ് ബസുകളേക്കാൾ കുറഞ്ഞ നിരക്കിലാണ് സ്വിഫ്റ്റിന്റെ സർവിസുകൾ. ഇതിൽ തന്നെ സ്ലീപ്പർ സർവിസുകൾ യാത്രക്കാർക്ക് ഏറെ ഇഷ്ടപ്പെട്ടുകഴിഞ്ഞു. ബംഗളൂരുവിലേക്ക് ഏറ്റവും കൂടുതൽ സ്വകാര്യ കോൺട്രാക്ട് കാരേജ് ബസുകൾ ഓടുന്നത് കോഴിക്കോട് നിന്നാണ്. വൻതുകയാണ് ഈ ബസുകൾ ഈടാക്കുന്നത്. തിരക്കുള്ളസമയത്തും ഉത്സവസീസണിലും നിരക്ക് കൂടും. നോൺ എ.സി ബസിൽ 2000 രൂപ വരെ വാങ്ങിയ അനുഭവമുണ്ട്. സ്വിഫ്റ്റ് എ.സി സ്ലീപ്പർ ബസിൽ 1200 രൂപ മതിയാകും. ഇത്തരം 12 ബസുകൾ എല്ലാ രാത്രിയിലും ബംഗളൂരുവിലേക്ക് ഓടുന്നുണ്ട്. ഇവയിലെല്ലാം സീറ്റ് നിറയെ യാത്രക്കാരുമുണ്ട്. എന്നാൽ, മികച്ച സൗകര്യങ്ങളുള്ള സ്വിഫ്റ്റിന്റെ ഗജരാജ സ്ലീപ്പറിൽ യാത്രചെയ്യാനുള്ള അവസരം കോഴിക്കോട്ടുകാർക്ക് നിഷേധിക്കുകയാണ്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ ബംഗളൂരു യാത്രക്കാരുള്ള കോഴിക്കോട്ട് സ്ലീപ്പർ തുടങ്ങാതിരിക്കുന്നത് സ്വകാര്യ ബസുകളെ സഹായിക്കാനാണെന്ന് വ്യക്തമാണ്. ലഗേജും യാത്രക്കൂലിയുമടക്കം ലക്ഷങ്ങളാണ് സ്വകാര്യ സർവിസുകാർ കൊയ്യുന്നത്. കർണാടകയിലും കേരളത്തിലും ഉന്നതതല ബന്ധങ്ങളുള്ള സ്വകാര്യ ബസുകാരാണ് കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് സർവിസ് നടത്തുന്നത്. ഏപ്രിലിൽ സ്വിഫ്റ്റ് സർവിസ് സംസ്ഥാനത്ത് തുടങ്ങിയപ്പോൾ നാല് എ.സി സിറ്റിങ് ബസായ ഗരുഡയും ഒരു നോൺ എ.സി ഡീലക്സുമാണ് കോഴിക്കോടിന് അനുവദിച്ചത്. ഇവക്ക് മികച്ച കളക്ഷനുണ്ട്. ബാക്കി ബസുകൾ ഉടനെത്തുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. കാത്തിരിപ്പ് വെറുതെയാണെന്നാണ് സ്ഥിരം യാത്രക്കാരുടെ പരാതി. ബംഗളൂരുവിലേക്ക് ആവശ്യത്തിന് ട്രെയിനില്ലാത്തതിനാലും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ഇറങ്ങാമെന്നതിനാലും ബസുകളെയാണ് കോഴിക്കോടുനിന്ന് കൂടുതൽപേരും ആശ്രയിക്കുന്നത്. രാത്രിയാണ് യാത്രക്കാർ കൂടുതലുള്ളതെങ്കിലും നിലവിലെ ഗരുഡ സ്വിഫ്റ്റ് ബസുകളിൽ ഒരു ബസ് മാത്രമാണ് സൗകര്യപ്രദമായ സമയമായ രാത്രി 10 മണിക്കുള്ളത്. രാവിലെ 8.30നും ഉച്ചക്ക് 12.00നും ഓടിക്കുന്നത് രാത്രിയിലേക്ക് മാറ്റാനും തയാറാകുന്നില്ല. തിരുവനന്തപുരത്തുനിന്ന് ഊട്ടിയിലേക്കും സ്വിഫ്റ്റ് സർവിസുണ്ട്. തമിഴ്നാട്ടിലെ ചേരൻ ട്രാൻസ്പോർട്ടടക്കമുള്ള ബസുകളാണ് കോഴിക്കോടുനിന്ന് ഊട്ടിക്ക് സർവിസ് നടത്തുന്നത്. സർവിസ് വ്യാപിപ്പിച്ചാൽ മികച്ച കളക്ഷനുമായി സ്വിഫ്റ്റിന് മുന്നേറാനാകുമെന്ന് യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.