മദ്യപിച്ച് വാക് തർക്കം; രണ്ടു യുവാക്കളെ സുഹൃത്ത് വെട്ടിപ്പരിക്കേൽപിച്ചു

വെള്ളിമാട്കുന്ന്: മദ്യപിച്ചുണ്ടായ വാക് തർക്കത്തെ തുടർന്ന് സുഹൃത്ത് രണ്ട് യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ചു. ലോൺ ലഭിച്ചതിന്റെ സന്തോഷത്തിൽ സൽക്കാരം നടത്തി കാറിൽ സഞ്ചരിക്കവെ വാക് തർക്കത്തെ തുടർന്നാണ് യുവാവ് ഒപ്പമുണ്ടായ സുഹൃത്തുക്കളെ വെട്ടിപ്പരിക്കേൽപിച്ചത്. പന്തീരാങ്കാവ് കലയിൽ ഷിബുരാജ് (35), മാക്കൂട്ടത്തിൽ പെര പട്ടേരി ഷെറിൻ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറുടമയായ മാവൂർ കായലം സ്വദേശി മിഥുൻ ആണ് വെട്ടിപ്പരിക്കേൽപിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പരിക്കേറ്റ ഷിബു രാജ് ഫിനാൻഷ്യൽ ഏജൻസി നടത്തുകയാണ്. മിഥുന് ലോൺ പാസാക്കി കൊടുത്തതിന്റെ ചെലവ് നടത്താൻ മിഥുൻ മദ്യവുമായി എസ്.ആർ ലോൺസിന്റെ ഓഫിസിൽ എത്തുകയും പാർട്ടി നടത്തുകയും ചെയ്തു. മിഥുന്റെ കാറിൽ തിരിച്ച് പോകുമ്പോൾ വഴിയിൽ കാരപ്പറമ്പ് കുണ്ടൂപറമ്പ് വെച്ച് മൂന്നു പേരും വീണ്ടും മദ്യപിക്കുന്നതിനിടയിൽ വാക് തർക്കം ഉണ്ടാവുകയും മിഥുൻ കത്തിയെടുത്ത് ഷിബുരാജിന്റെ കഴുത്തിലും മുഖത്തും വെട്ടുകയുമായിരുന്നു. തടയാനെത്തിയ ഷെറിനും കുത്തേറ്റു. എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാർ, ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജു, എസ്.ഐ ഷബീം എന്നിവർ സ്ഥലത്തെത്തി. മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.