പെരുമൺപുറയിലെ ഗ്രൗണ്ട്; സി.പി.എം ലോക്കൽ കമ്മിറ്റി അംഗം രാജിക്കത്ത് നൽകി

പന്തീരാങ്കാവ്: പെരുമൺ പുറയിൽ ഗ്രൗണ്ട് നിർമിക്കാൻ ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ വകയിരുത്തിയ തുക വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട് പെരുമൺപുറയിൽ സി.പി.എമ്മിൽ വിവാദം. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികൾ തങ്ങൾ നിർവഹിക്കുമെന്ന ഉറപ്പ് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് യഥാസമയം ജില്ല പഞ്ചായത്തിൽ അറിയിച്ചില്ലെന്ന കാരണത്താലാണ് ഫണ്ട് വകമാറ്റിയതെന്ന ആരോപണമാണ് വിവാദത്തിന്റെ അടിസ്ഥാനം. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ പെരുമൺപുറയിൽ കളിസ്ഥലത്തിനായുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഗ്രൗണ്ട് നിർമിക്കാൻ ശ്രമിക്കുമെന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയുമായി ബന്ധപ്പെട്ടവർ വാഗ്ദാനം നൽകിയിരുന്നു. ഇതിനു ശേഷമാണ് സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കാൻ ധാരണയായതും വാർഷിക പദ്ധതിയിൽ ടോക്കൺ തുക വകയിരുത്തിയതും. ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി നൽകണമെന്ന ആവശ്യം പഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ട പാർട്ടി സബ് കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലും ഉന്നയിക്കപ്പെട്ടിരുന്നു. ഇരു കമ്മിറ്റികളും നിർദേശം നൽകിയിട്ടും തക്കസമയത്ത് തീരുമാനം ജില്ല പഞ്ചായത്തിനെ ഔദ്യോഗികമായി അറിയിക്കാൻ ഗ്രാമ പഞ്ചായത്ത് താൽപര്യം കാട്ടിയില്ലെന്ന ആരോപണമാണ് പാർട്ടിയിലെ പ്രവർത്തകരെ രോഷാകുലരാക്കുന്നത്. പ്രദേശത്ത് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ രീതിയിൽ പ്രതിഷേധമുയർന്നിട്ടും സംഭവം ചർച്ച ചെയ്യാത്ത നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം പെരുമണ്ണ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം എം. പുരുഷോത്തമനാണ് കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകിയത്. കളിസ്ഥലത്തിനൊപ്പം തന്നെ തയ്യിൽ താഴത്തെ പാർട്ടി അധീനതയിലുള്ള സാംസ്ക്കാരിക സംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളും വിവാദങ്ങളിലിടം പിടിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.