ബിയോണിന്റെ മൃതദേഹം മടുക്കുംമൂട്ടിലെ വീട്ടിലെത്തിച്ചപ്പോൾ

ബിയോൺ ബിജുവിന് നാട് കണ്ണീരോടെ വിടചൊല്ലി

ചങ്ങനാശ്ശേരി: പലവൻപടി പുഴയുടെ ആഴങ്ങളിൽ ജീവൻ പൊലിഞ്ഞ ബിയോൺ ബിജുവിന് നാട് കണ്ണീരോടെ വിടചൊല്ലി. കോതമംഗലം ബസേലിയോസ് ഡെന്റൽ കോളജിലെ മൂന്നാം വർഷ ബി.ഡി. എസ് വിദ്യാർഥിയായിരുന്ന ചങ്ങനാശ്ശേരി മടുക്കംമൂട് ഐ.ഇ നഗർ പ്ലാമൂട്ടിൽ ബിയോൺ ബിജു (21) ഉൾപ്പെടെ മൂന്ന് പേരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ മുങ്ങിമരിച്ചത്.

പ്ലാമൂട്ടിൽ ബിജുവിന്റെയും ഡാലിയയുടെയും മൂത്തമകനാണ് ബിയോൺ. യു.കെയിൽ നിന്ന് ഹയർ സെക്കൻഡറി പഠനത്തിനാണ് നാട്ടിലെത്തുന്നത്. പത്ത് വർഷത്തിലേറെയായി മാതാപിതാക്കളും സഹോദരങ്ങളായ ഡിയോണയും ഫിയോണയും യു.കെയിലാണ്. നാട്ടിൽ വല്യമ്മച്ചി റോസമ്മക്കൊപ്പം താമസിച്ച് ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി സ്‌കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശേഷം ബിയോൺ കോതമംഗലം ബസേലിയോസ് ഡെന്റൽ കോളജിൽ ബി.ഡി.എസിന് ചേർന്നു. ഹോസ്റ്റലിൽ താമസിച്ചിരുന്ന ബിയോൺ അവധി കിട്ടുമ്പോഴെല്ലാം ചങ്ങനാശ്ശേരിയിലെ വല്യമ്മച്ചിയുടെ അടുത്തെത്തും. നാല് മാസം മുമ്പ് യു.കെയിൽ നിന്നെത്തിയ മാതാപിതാക്കളും സഹോദരങ്ങളുമായി ചെലവിട്ട സന്തോഷ നിമിഷങ്ങളുടെ ഓർമകൾ മങ്ങും മുമ്പേയാണ് കുടുംബത്തെ തേടി ഈ ദുരന്തമെത്തിയത്. മകന്റെ ചേതനയറ്റ ശരീരത്തിനരികിലെത്തി തകർന്നുനിന്ന മാതാപിതാക്കളെയും സഹോദരിമാരെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും ദുഃഖത്തിലായി. ബിയോണിന്റെ മാതാപിതാക്കളും സഹോദരിമാരും ചൊവ്വാഴ്ച വൈകീട്ടാണ് ചങ്ങനാശ്ശേരിയിലെത്തിയത്. അവധി ദിവസങ്ങളിൽ എത്തുന്ന കൊച്ചുമകനെ കാത്തിരുന്ന വല്യമ്മച്ചി റോസമ്മ കൊച്ചുമകന് അന്ത്യയാത്ര പറഞ്ഞത് നൊമ്പരക്കാഴ്ചയായി.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ബിയോണിന്റെ മൃതദേഹം മടുക്കുംമൂട്ടിലെ വീട്ടിലെത്തിച്ചത്. പ്രദേശവാസികളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തി. ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയലിന്റെ കാർമികത്വത്തിൽ വെരൂർ സെന്റ് ജോസഫ് ദേവാലയത്തിൽ ബിയോണിന്റെ സംസ്‌കാര ശുശ്രൂഷകൾ നടന്നു.

Tags:    
News Summary - With heavy hearts and tears, the people bid farewell to Beyon Biju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.